![](https://newskerala.net/wp-content/uploads/2024/09/crime.1.2919700.jpg)
ബംഗളൂരു: യുവതിയെ അപ്പാര്‍ട്മെന്റിനുള്ളില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് രംഗത്ത്. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി കുറ്റസമ്മതം നടത്തി ആത്മഹത്യ ചെയ്തിരുന്നു. ഒഡീഷ സ്വദേശിയായ മുക്തി രഞ്ജന്‍ റോയി ആണ് കുറ്റം ഏറ്റെടുത്ത് ആത്മഹത്യ ചെയ്തത്. സഹപ്രവര്ത്തകരയായ മഹാലക്ഷ്മിയെ താനാണ് കൊലപ്പെടുത്തിയതെന്നും യുവതി നിരന്തരം വഴക്കുണ്ടാക്കിയും അക്രമസ്വഭാവം കാണിച്ചിരുന്നതും തന്നെ അലോസരപ്പെടുത്തിയെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.
മഹാലക്ഷ്മി തന്നെ ആക്രമിക്കുകയും തന്നോട് ദേഷ്യപ്പെടുകയുംചെയ്തു. ഇതിനാലാണ് മഹാലക്ഷ്മിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. മഹാലക്ഷ്മിയുടെ അക്രമസ്വഭാവവും വഴക്കും സഹിക്കവയ്യാതെയാണ് ഇത് ചെയ്തതെന്നും പ്രതി ആരോപിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെയാണ് മഹാലക്ഷ്മി കൊല്ലപ്പെട്ടത്.
അതേസമയം, മഹാലക്ഷ്മിക്ക് അഷറഫ് എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നുവെന്നും കൃത്യത്തില്‍ ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് സംശയിക്കുന്നുവെന്നും ഭര്‍ത്താവ് ഹേമന്ത് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അഷറഫിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യുവതിയുമായി തനിക്ക് സൗഹൃദം മുമ്പ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷം മുമ്പ് ആ സൗഹൃദം അവസാനിപ്പിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇയാളുടെ പങ്ക് കണ്ടെത്താന്‍ കഴിയാതെ പൊലീസ് അഷ്റഫിനെ മടക്കി അയക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് മുക്തി രഞ്ജന്‍ റോയ് ഒഡീഷയിലെ ഗ്രാമത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വീട്ടില്‍നിന്ന് കാണാതായ ഇയാളെ ഗ്രാമത്തിലെ പ്രാന്തപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ബാഗിലെ നോട്ട്ബുക്കിലാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നത്.
വ്യാളികാവലിലെ അപ്പാര്‍ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ നിന്നാകുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാല്‍, അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനും നാല് വയസുള്ള മകള്‍ക്കുമൊപ്പം മറ്റൊരു ഫ്ളാറ്റിലാണ് നേരത്തെ മഹാലക്ഷ്മി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷമാണ് പുതിയ അപ്പാര്‍ട്മെന്റിലേക്ക് മാറിയത്. ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. നഗരത്തിലെ ഒരു മാളില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി അയല്ക്കാര്ക്ക് അടുപ്പമൊന്നുമുണ്ടായിരുന്നില്ല. സ്ഥിരമായി രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെയാണ് ഫ്ളാറ്റില്‍ മടങ്ങിയെത്താറുള്ളത്.