
ഇസ്താംബുൾ: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 3,800 കടന്നു. മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തുര്‍ക്കിയില്‍ മാത്രം 2,739 പേര് മരിച്ചു. സിറിയയില്‍ 1,444 പേര് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 3,823 ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ തുർക്കിയിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയടക്കം 45 രാജ്യങ്ങൾ സഹായവുമായി രംഗത്തുണ്ട്. ഇന്ത്യൻ ദൗത്യ സംഘം ദുരന്ത സ്ഥലത്തേക്ക് തിരിച്ചു. യുഎസ്, യൂറോപ്യൻ യൂണിയനടക്കമുള്ളവരും സഹായവുമായി രംഗത്തുണ്ട്. കനത്ത മഞ്ഞു വീഴ്ചയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി.
ഉച്ചതിരിഞ്ഞ് നാലു മണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനമുണ്ടായത്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്ദോഗന് പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞു.
The post കണ്ണീർ ഭൂമിയായി തുർക്കിയും സിറിയയും; മരണ സംഖ്യ 3,800 കടന്നു; ഇന്ത്യൻ സംഘം ദുരന്ത സ്ഥലത്തേക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]