ഗ്വാളിയോർ∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനെ ഗ്വാളിയോറിൽ കളിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ വീണ്ടും രംഗത്ത്. ഇന്ത്യ – ബംഗ്ലദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറിൽ നടക്കാനിരിക്കെ, മത്സരം തടയുന്നതിനായി ഗ്വാളിയോറിൽ ബന്ദ് പ്രഖ്യാപിക്കാനാണ് ഹിന്ദു മഹാസഭയുടെ നീക്കം. ബംഗ്ലദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനെതിരായ നീക്കം.
അതേസമയം, മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന നിലപാടിലാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗ്വാളിയോർ ഒരു രാജ്യാന്തര മത്സരത്തിനു വേദിയാകുന്നത്. മത്സരത്തിനു വേദിയാകുന്ന മാധവ്റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 30,000 പേരെയാണ് ഉൾക്കൊള്ളാനാകുക.
‘‘ഇന്ത്യ–ബംഗ്ലദേശ് മത്സരം ഇവിടെ നടത്താൻ ഞങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ബംഗ്ലദേശ് ക്രിക്കറ്റ് ടീം ഗ്വാളിയോറിൽ കളിക്കാനെത്തിയാൽ, അതിനെതിരെ പ്രതിഷേധം നടത്താൻ ഞങ്ങളുടെ യോഗത്തിൽ തീരുമാനിച്ചതാണ്. അതിന് ഒരു മാറ്റവുമില്ല’ – ഹന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ഗ്വാളിയോറിൽ ബന്ദ് ആചരിക്കാനും ഹിന്ദു മഹാസഭ തീരുമാനിച്ചു. അവശ്യ സർവീസുകളെ ബാധിക്കാത്ത തരത്തിലായിരിക്കും ബന്ദ് നടത്തുകയെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും മത്സരത്തെ ബാധിക്കില്ലെന്ന് ഗ്വാളിയോർ ജില്ലാ പൊലീസ് വ്യക്തമാക്കി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ തയാറാണെന്നും അവർ വ്യക്തമാക്കി.
English Summary:
‘Won’t allow India-Bangladesh match’: Hindu Mahasabha calls for Gwalior bandh on day of T20
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]