
എല്ലാ അഭിനേതാക്കൾക്കും സിനിമയിൽ തുല്യപ്രതിഫലം നൽകണമെന്ന ആവശ്യം പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് നടി ഇനിയ. സിനിമയ്ക്ക് ഒരു എത്തിക്സുണ്ടെന്നും അതിനെക്കുറിച്ച് ചെറിയ ബോധമുളളതുകൊണ്ടാണ് കാര്യങ്ങൾ മനസിലാകുന്നതെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ വിശേഷങ്ങൾ കൗമുദി മൂവീസുമായി പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഇനിയയുടെ പ്രതികരണം.
‘ഒരു ചിത്രത്തിൽ താരങ്ങളെ കാസ്റ്റ് ചെയ്യുന്നത് അവരുടെ മാർക്കറ്റ് വാല്യു അനുസരിച്ചാണ്. ചിത്രം റിലീസ് ചെയ്താൽ എത്രത്തോളം ആ താരത്തിന് സിനിമയിലേക്ക് ലാഭം കൊണ്ടുവരാൻ സാധിക്കും എന്നതനുസരിച്ചാണ്. അതൊരു നായകനോ നായികയോ ആയേക്കാം. ഇപ്പോൾ ഒരു നായികാ പ്രാധാന്യമുളള ചിത്രമാണെങ്കിൽ അതിൽ നായികയെ തിരഞ്ഞെടുക്കുന്നത് അവർക്ക് എത്രത്തോളം ലാഭമുണ്ടാക്കാൻ സാധിക്കും എന്നതനുസരിച്ചായിരിക്കും.
ഒരു സ്ത്രി അഭിനേതാവിന് പുരുഷൻമാർക്ക് ലഭിക്കുന്നതുപോലുളള പ്രതിഫലം കിട്ടണമെങ്കിൽ അത്രയും കഴിവുണ്ടായിരിക്കണം. ഇപ്പോൾ നായികാ പ്രധാന്യമുളള ചിത്രത്തിൽ നായകൻമാർ വാങ്ങുന്നതിന് തുല്യമായ പ്രതിഫലം വാങ്ങാം. പക്ഷെ അഭിനയിക്കുന്ന എല്ലാ സിനിമകളിലും തുല്യപ്രതിഫലം ആവശ്യപ്പെട്ടാൽ കിട്ടണമെന്ന് വരില്ല. ഓരോ അഭിനേതാവിന്റെയും ഷെഡ്യൂളുകൾ, കഥാപാത്രത്തിന്റെ പ്രാധാന്യം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സിനിമയിൽ പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലാതെ എല്ലാവർക്കും സിനിമയിൽ തുല്യ പ്രതിഫലം കിട്ടണമെന്ന് പറഞ്ഞാൽ അത് പ്രാവർത്തികമാക്കാൻ സാധിക്കില്ല. അഭിനയം കൂടാതെ സിനിമയുടെ നിർമാണവും കൂടി ശ്രദ്ധിക്കുന്ന ഒരാളയതുകൊണ്ട് അതിന്റെ എത്തിക്സിനെക്കുറിച്ച് ചെറിയ ഒരു ബോധമുണ്ട്’- താരം പറഞ്ഞു.