
കണ്ണൂർ: പരിഭവം മറന്ന് ഇപി ജയരാജൻ കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ജയരാജൻ പങ്കെടുത്തത്. എംവി ജയരാജൻ, ടിവി സുമേഷ് എംഎൽഎ തുടങ്ങിയ നേതാക്കളും മാർച്ചിൽ പങ്കെടുത്തു. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാർട്ടി ക്ഷണിച്ച പരിപാടികളിൽ പോലും പങ്കെടുക്കാതെ ഇപി മാറിനിൽക്കുകയായിരുന്നു.
പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇപി ജയരാജനെ പാർട്ടി ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം തന്നെ ഗൂഢാലോചന നടത്തി അവഹേളിച്ച് മാറ്റിനിർത്തിയെന്ന വികാരത്തിലായിരുന്നു. പിന്നീട് ഇപി ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടി പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ ദിനാചരണമായിരുന്നു.
ചികിത്സയിലെന്ന വിശദീകരണം നൽകി ഇപി ജയരാജൻ പരിപാടിയിൽ പങ്കെടുത്തില്ല. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ഓർമദിനത്തിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇപിയും പുഷ്പാർച്ചനയിൽ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. ഇപിക്ക് പാർട്ടിയോട് ഒരു അതൃപ്തിയും ഇല്ലെന്നും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയാൽ ഇപിയെ കാണാമെന്നും എം.വി.ജയരാജൻ അന്ന് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]