
15 വർഷങ്ങൾ.. നിർമിച്ചത് 26 സിനിമകൾ.. മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും കടന്നു വന്നത്. നിർമിച്ച സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ്, ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആഘോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി ചലച്ചിത്രങ്ങൾ. മലയാള സിനിമയുടെ പുതുപാത കാട്ടിത്തന്ന ‘ട്രാഫി’ക്കിൽ തുടങ്ങിയ സിനിമായാത്ര ഇപ്പോൾ ‘മൈ ഡിയർ കുട്ടിച്ചാത്ത’ന് ശേഷം മലയാളക്കര ഏറ്റെടുത്ത 3ഡി വിസ്മയമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ (A.R.M)വരെ എത്തിനിൽക്കുന്നു.
മാജിക് ഫ്രെയിംസിന്റെ സിനിമാനിർമ്മാണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയാണ് ഇപ്പോൾ 3D A.R.M തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുന്നത്. 11 ദിവസങ്ങൾകൊണ്ട് തന്നെ 87 കോടിക്ക് മുകളിൽ കളക്ഷൻ ലോകമെമ്പാടുനിന്നും ചിത്രം സ്വന്തമാക്കി. 40 കോടിയാണ് ബജറ്റ്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. ‘ചാപ്പാ കുരിശി’ലൂടെ സമീർ താഹിർ , ‘ചിറകൊടിഞ്ഞ കിനാവു’കളിലൂടെ സന്തോഷ് വിശ്വനാഥ്, ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ നിസാം ബഷീർ, ‘ഗരുഡ’നിലൂടെ അരുൺ വർമ്മ എന്നിവരാണ് മാജിക് ഫ്രെയിംസ് അവതരിപ്പിച്ച മറ്റ് പുതുമുഖ സംവിധായകർ. 3D A.R.M ലൂടെ ജിതിൻ ലാൽ എന്ന പുതുമുഖ സംവിധായകനെയും മാജിക് ഫ്രെയിംസ് മലയാള സിനിമയ്ക്ക് നൽകിയിരിക്കുകയാണ്.
‘മൈ ഡിയർ കുട്ടിച്ചാത്ത’ന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമായിരിക്കുകയാണ് ‘ARM’. നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. ഇതിനോടകം ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.
മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത അഡ്വഞ്ചർ ഫാന്റസി എന്ന യോണറും 3ഡിയും പ്രേക്ഷകരെ A.R.M ലേക്ക് അടുപ്പിക്കുന്നു. നേരത്തെ 3D A.R.M കാണാൻകൊണ്ടുപോകുവാൻ മാതാപിതാക്കളോട് വാശിപിടിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
‘ട്രാഫിക്കി’ലൂടെ മലയാള സിനിമയുടെ പുതിയ പാത കണ്ടെത്തിയ ലിസ്റ്റിൻ സ്റ്റീഫനും മാജിക്ക് ഫ്രെയിംസും 3D A.R.M ലൂടെ ചുരുങ്ങിയ ബജറ്റ്കൊണ്ട് ലോകനിലവാരമുള്ള മലയാള സിനിമ ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് നായകനായ E.D, ദിലീപ് നായകനായ D150 എന്നിവയാണ് മാജിക് ഫ്രെയിംസിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]