ബെയ്റൂത്ത് : പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതലാണ് ലെബനനിലെ ഗ്രാമങ്ങളഴും നഗരങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്. മൂന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ നടത്താൻ അനുമതി ലഭിച്ചതായും ഐ.ഡി.എഫ് വ്യക്തമാക്കി.
അതേസമയം ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്ത് നിന്ന് മാറണം എന്നാവശ്യപ്പെട്ട് ടെക്സ്റ്റ് – വോയ്സ് മെസേജ് ലഭിച്ചതായി തെക്കൻ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളിലുള്ളവർ സ്വയരക്ഷയ്ക്ക് വേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെട്ടു.
അതിനിടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാം നിറുത്തിവയ്ക്കാൻ തെക്കൻ ലെബനനിലെ എല്ലാ ആശുപത്രികൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ മുതൽ നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ എത്തുന്നത്. ആക്രമണങ്ങളെ തുടർന്ന് തെക്കൻ ലെബനനിലും ബെയ്റൂത്തിലും സ്കൂളുകൾക്ക് രണ്ടുദിവസം അവധി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]