2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശൽ നായകനായ സാം ബഹാദൂർ എന്നീ ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രമായത്.
പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണശൈലിയിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാനാണ് സഹനിർമാതാവ്. നിതാൻഷി ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം രണ്ട് നവവധുമാരേയും അവരുടെ യാത്രകളെയും കുറിച്ചാണ് പറഞ്ഞത്.
2025-ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ലാപതാ ലേഡീസ് വന്നിരുന്നെങ്കിൽ എന്ന് മുൻപ് കിരൺ റാവു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി ലാപതാ ലേഡീസ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നെങ്കിൽ എന്റെ സ്വപ്നം പൂർത്തീകരിക്കുമായിരുന്നു. അതിന് ചില നടപടി ക്രമങ്ങളുണ്ട്. ഓസ്കറിലേക്ക് ലാപതാ ലേഡീസ് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.” കിരൺ റാവു അന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞതിങ്ങനെ.
2001-ൽ മധ്യപ്രദേശിൽ നടക്കുന്ന കഥയായാണ് ലാപതാ ലേഡീസ് ചിത്രീകരിച്ചത്. രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണിവര്‍. ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു വരന് വധുവിന്റെ കൈപിടിച്ചിറങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്. അത് സ്വന്തം വധുവായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
വെറും 5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ആമിര്‍ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]