
കൊൽക്കത്ത: ബംഗാളി സിനിമയെ പിടിച്ചുകുലുക്കി മുതിർന്ന ഹെയർഡ്രെസറുടെ ആത്മഹത്യാ ശ്രമം. ഇവരെ മകൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെയർഡ്രെസർ ഗിൽഡിനെതിരെ ഇവരെഴുതിയ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന കത്ത് പോലീസ് കണ്ടെത്തി. ശനിയാഴ്ച എഴുതിയ കത്തിൽ ഹെയർഡ്രെസർമാരുടെ സംഘടനയിലെ 11 അംഗങ്ങളുടെ പേരെടുത്തുപറഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദേവ്പുർ പോലീസ് കേസെടുത്തിരിക്കുകയാണ്.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച അവസ്ഥയിലായിരുന്നു മകൾ കണ്ടെത്തുമ്പോൾ ഹെയർഡ്രെസറെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ ടോളിഗഞ്ചിലുള്ള എം.ആർ ബാംഗർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് ഒന്നിന് തന്നെ സംഘടനയിൽനിന്ന് മൂന്നുമാസത്തേക്ക് പുറത്താക്കിയിരുന്നതായി അവർ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ഇവർ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇപ്പോഴത്തെ സസ്പെൻഷൻ. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും അവരുടെ ജോലി പലരീതിയിൽ തടസപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
ഭർത്താവ് രോഗിയായതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഇവരുടെ ചുമലിലായിരുന്നു. ഹെയർസ്റ്റൈലിസ്റ്റിനെ സ്വന്തമായി ജോലി തേടാൻ അനുവദിച്ചില്ലെന്നും പലരോടും ഇവരെ ജോലിക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. “മെയ് 1 മുതൽ മൂന്ന് മാസത്തേക്ക് എന്നെ സസ്പെൻഡ് ചെയ്തു. അതിനുശേഷം പോലും എന്നെ ശരിയായി ജോലി ചെയ്യാൻ അനുവദിച്ചില്ല. എനിക്ക് എൻ്റെ കുടുംബ ഉത്തരവാദിത്തങ്ങൾ ശരിയായി നിറവേറ്റാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായിരിക്കുകയാണ്. എൻ്റെ ഗിൽഡിലെ കമ്മിറ്റി അംഗങ്ങളാണ് ഇതിന് ഉത്തരവാദികൾ.” ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ. 11 ഗിൽഡ് അംഗങ്ങളേയും അവർ കുറിപ്പിൽ പരാമർശിച്ചു.
കഴിഞ്ഞദിവസം ഈ ഹെയർഡ്രെസ്സർക്ക് ഒരു ബംഗാളി സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ, സെപ്തംബർ 21 ശനിയാഴ്ച, തന്നെ ടീമിൽ നിന്ന് പുറത്താക്കിയതായി പ്രസ്താവിച്ചുകൊണ്ട് പ്രൊഡക്ഷൻ ടീമിൽ നിന്ന് ഒരു കോൾ വന്നു. ഇതാണ് അങ്ങേയറ്റം കടുത്ത തീരുമാനമെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹെയർഡ്രെസർ ഗിൽഡിനെതിരെ കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഹരിദേവ്പുർ പോലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് വരുന്നമുറയ്ക്ക് നടപടിയെടുക്കുമെന്നും ഡി.സി.പി രാഹുൽ ദേ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജി, താരങ്ങളായ പരംബ്രതാ ചാറ്റർജി, സുദീപ്താ ചക്രബർത്തി തുടങ്ങിയവർ സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തിൽ സുദീപ്താ ചക്രബർത്തി സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു.
നിലവിൽ ഹെയർഡ്രെസർ ചികിത്സയിൽ തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. Toll free helpline number: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]