അനന്തപുർ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ആദ്യ ജയം മോഹിച്ച് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുന്ന ഇന്ത്യ ഡി. അനന്തപുരിലെ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 373 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ബിയ്ക്ക്, 74 റൺസ് എടുക്കുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റ് നഷ്ടമായി. പകുതി ദിവസത്തെ കളി ബാക്കിനിൽക്കെ അഞ്ച് വിക്കറ്റുകൾ കൂടി പിഴുതാൽ ഇന്ത്യ ഡിയ്ക്ക് കന്നി വിജയം സ്വന്തമാക്കാം. 13 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബി. നിതീഷ് കുമാർ റെഡ്ഡി (15), വാഷിങ്ടൻ സുന്ദർ (5) എന്നിവർ ക്രീസിൽ.
ഇന്ത്യ ബി നിരയിലെ മിന്നും താരങ്ങളായ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (10 പന്തിൽ രണ്ടു സിക്സുകൾ സഹിതം 16), മുഷീർ ഖാൻ (0) എന്നിവരെല്ലാം ഇതിനകം പുറത്തായിക്കഴിഞ്ഞു. 373 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബിയ്ക്ക്, തുടക്കം മുതലേ പിഴച്ചു. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും എൻ.ജഗദീശനും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തെങ്കിലും, ഒൻപതു റൺസിനിടെ നാലു വിക്കറ്റ് പിഴുത് ഉച്ചഭക്ഷണത്തിനു തൊട്ടുമുൻപ് ഇന്ത്യ ഡി തിരിച്ചടിച്ചു.
അഭിമന്യു 32 പന്തിൽ മൂന്നു ഫോറുകളോടെ 19 റൺസെടുത്ത് പുറത്തായി. ജഗദീശൻ എട്ടു പന്തിൽ അഞ്ച് റൺസെടുത്തും സുയാഷ് പ്രഭുദേശായ് ഒൻപതു പന്തിൽ രണ്ട് റൺസെടുത്തും പുറത്തായി. ഇന്ത്യ ഡിയ്ക്കായി അർഷ്ദീപ് സിങ് മൂന്നും ആദിത്യ താക്കറെ രണ്ടും വിക്കറ്റ് സ്വന്തമാക്കി.
നേരത്തേ, രണ്ടാം ഇന്നിങ്സിൽ 58.3 ഓവറിൽ ഇന്ത്യ ഡി 305 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ ബിയ്ക്കു മുന്നിൽ 373 റൺസ് വിജയലക്ഷ്യം ഉയർന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി 67 റണ്സിന്റെ ലീഡ് നേടിയിരുന്നു. ദുലീപ് ട്രോഫിയിലെ രണ്ടാം സെഞ്ചറി കുറിച്ച റിക്കി ഭുയിയാണ് ഇന്ത്യ ഡിയെ മികച്ച നിലയിൽ എത്തിച്ചത്. റിക്കി 124 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 119 റൺസുമായി പുറത്താകാതെ നിന്നു. റിക്കിക്കു പുറമേ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (40 പന്തിൽ 50), സഞ്ജു സാംസൺ (53 പന്തിൽ 45), ആകാശ് സെൻഗുപ്ത (72 പന്തിൽ 29), അർഷ്ദീപ് സിങ് (29 പന്തിൽ 13) എന്നിവരും ഇന്ത്യ ഡിയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
English Summary:
India B vs India D, Duleep Trophy 5th Match, Day 4 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]