തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ മെട്രോ റെയിലിൽ വീണ്ടും മാറ്റങ്ങൾ നിർദേശിച്ച് സർക്കാർ. തിരുവനന്തപുരം മെട്രോയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി നിലവിലുള്ളതിൽ നിന്ന് റൂട്ട് വെട്ടിച്ചുരുക്കാനാണ് നീക്കം. കഴക്കൂട്ടം ജംഗ്ഷന് സമീപത്തുനിന്നായി മെട്രോ റെയിൽ ആരംഭിക്കുന്നത് പരിശോധിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദേശം നൽകിയിരിക്കുന്നത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപത്തായാണ് തിരുവനന്തപുരം മെട്രോയുടെ ടെർമിനൽ നിർമിക്കേണ്ടത്. എന്നാൽ കഴക്കൂട്ടം ടെക്നോപാർക്കിന് സമീപത്തായി മെട്രോ ടെർമിനലും ഷണ്ടിംഗ് യാഡും നിർമിക്കുന്ന തരത്തിൽ അലൈൻമെന്റ് പുതുക്കാനാണ് ഗതാഗത വകുപ്പിന്റെ നിർദേശം.
പള്ളിപ്പുറം ടെക്നോസിറ്റിക്കും ബയോപാർക്കിനും ഡിജിറ്റൽ സർവകലാശാലയ്ക്കും സമീപത്തായിരുന്നു പഴയ ടെർമിനലിന് സ്ഥലം കണ്ടെത്തിയത്. നഗരത്തിലെ തിരക്കിലേയ്ക്ക് കടക്കാതെ തന്നെ മെട്രോയിൽ പ്രവേശിക്കാമെന്നതായിരുന്നു പ്രത്യേകത. എന്നാൽ റൂട്ട് ചുരുക്കുന്നതോടെ മെട്രോയുടെ പ്രസക്തി തന്നെ നഷ്ടമാവുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കഴക്കൂട്ടത്ത് പ്രധാന ടെർമിനൽ വരുന്നതോടെ ഗതാഗത കുരുക്കും രൂക്ഷമാവും.
തിരുവനന്തപുരം മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെയാക്കാനാണ് പുതിയ നിർദേശം. രണ്ടുമാസത്തിനുള്ളിൽ പുതിയ റൂട്ടിന്റെ സാദ്ധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കെഎംആർഎല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കിള്ളിപ്പാലം മുതൽ നെയ്യാറ്റിൻകര വരെയാണ് തിരുവനന്തപുരം മെട്രോയുടെ രണ്ടാം ഘട്ടമായി പരിഗണിച്ചിരുന്നത്. ഇതിനുപകരം പാളയം മുതൽ കുടപ്പനക്കുന്നുവരെയുള്ള സാദ്ധ്യത പരിശോധിക്കാനും സർക്കാർ നിർദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നഗരത്തിലേയ്ക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന റൂട്ട് മാറ്റി പുനഃരാലോചിക്കുന്നത് അശാസ്ത്രീയമാണെന്ന പരാതികൾ ഉയരുന്നുണ്ട്. റൂട്ടുകൾ ഇടയ്ക്കിടെ മാറ്റുന്നത് മെട്രോയുടെ നിർമാണം അന്തമായി നീട്ടുമെന്നും ആരോപണമുണ്ട്.