ചെന്നൈ ∙ പേസിൽ നിന്നു സ്പിന്നിലേക്ക് സ്വഭാവം മാറുന്ന ചെപ്പോക്കിലെ പിച്ച്. ടെസ്റ്റിൽ ഇതുവരെ 400 റൺസിനു മുകളിൽ വിജയലക്ഷ്യം കീഴടക്കാനായിട്ടില്ലെന്ന സ്വന്തം ചരിത്രം… ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിന്റെ അതിജീവനം അതികഠിനമാകുകയാണ്. 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശ് മൂന്നാം ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 158 എന്ന നിലയിൽ പരുങ്ങുകയാണ്. 2 ദിവസവും 6 വിക്കറ്റും ശേഷിക്കെ ജയം അവർക്ക് 357 റൺസ് അകലെയാണ്. അർധ സെഞ്ചറിയുമായി പൊരുതുന്ന ക്യാപ്റ്റൻ നജ്മുൽ ഷാന്റോയ്ക്കൊപ്പം (51) ഷാക്കിബുൽ ഹസനാണ് (5) ക്രീസിലുള്ളത്.
നേരത്തേ, ഉജ്വല സെഞ്ചറിയുമായി റെഡ്ബോൾ ക്രിക്കറ്റിലേക്ക് അസാമാന്യ തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്തും (109) ക്ലാസിക് സെഞ്ചറിയുമായി ഫോം തെളിയിച്ച ശുഭ്മൻ ഗില്ലും (119 നോട്ടൗട്ട്) കരുത്തുകാട്ടിയതോടെയാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം പൂർണമായും ഇന്ത്യ കയ്യടക്കിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽവച്ച് സന്ദർശകരെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
∙ പന്തിന്റെ തിരിച്ചുവരവ്
മൂന്നിന് 81 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ 12 റൺസ് മാത്രമായിരുന്നു ഋഷഭ് പന്തിന്റെ അക്കൗണ്ടിൽ. ശുഭ്മൻ ഗില്ലിന്റെ സ്കോർ 33 റൺസും. 2022 ഡിസംബറിലെ കാറപകടത്തിൽ ഗുരുതര പരുക്കേറ്റശേഷം ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്ന ഋഷഭ് പന്ത്, തന്റെ പതിവ് ആക്രമണ ബാറ്റിങ്ങിലൂടെ ബംഗ്ലദേശ് ബോളർമാരെ നിർവീര്യമാക്കിയപ്പോൾ ഗിൽ കരുതലോടെ ബാറ്റുവീശി. ആദ്യ 88 പന്തുകളിൽ അർധ സെഞ്ചറി നേടിയ പന്തിന് തുടർന്ന് സെഞ്ചറിയിലെത്താൻ വേണ്ടിവന്നത് 36 പന്തുകൾ മാത്രം.
കാറപകടത്തിന് 8 ദിവസം മുൻപ് ബംഗ്ലദേശിനെതിരെ അവസാന ടെസ്റ്റ് മത്സരം കളിച്ച പന്തിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവും അതേ ടീമിനെതിരെയായി. ആറാം ടെസ്റ്റ് സെഞ്ചറി കുറിച്ച ഇരുപത്താറുകാരൻ കൂടുതൽ ടെസ്റ്റ് സെഞ്ചറികൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ധോണി 144 ഇന്നിങ്സുകളിൽ നിന്ന് 6 സെഞ്ചറികൾ നേടിയപ്പോൾ പന്തിന് വേണ്ടിവന്നത് 58 ഇന്നിങ്സുകൾ മാത്രം.
∙ ഗില്ലിന്റെ ക്ലാസ്
ടെസ്റ്റ് ടീമിൽ വൺഡൗൺ പൊസിഷൻ തന്റെ കയ്യിൽ ഭദ്രമാണെന്നു വീണ്ടും തെളിയിച്ചാണ് ശുഭ്മൻ ഗിൽ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചറി നേടിയത്. ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ താരം ഇന്നലെ ബംഗ്ലദേശ് ബോളർമാർക്ക് അവസരങ്ങളൊന്നും നൽകിയില്ല. ടെസ്റ്റിൽ കഴിഞ്ഞ 8 ഇന്നിങ്സുകളിൽ ഗില്ലിന്റെ മൂന്നാം സെഞ്ചറിയാണിത്. ഋഷഭ് പന്തിനൊപ്പം നാലാം വിക്കറ്റിൽ 167 റൺസ് നേടിയ ഗിൽ കെ.എൽ.രാഹുലിനൊപ്പം (22 നോട്ടൗട്ട്) അഞ്ചാം വിക്കറ്റിൽ അതിവേഗം 53 റൺസും നേടി.
∙ പന്ത് തിരിഞ്ഞു തുടങ്ങി
515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽവച്ച് ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുമ്പോൾ ഇന്ത്യ പ്രതീക്ഷിച്ചതല്ല ആദ്യ മണിക്കൂറിൽ സംഭവിച്ചത്. ഒന്നാം ഇന്നിങ്സിൽ ഒന്നര സെഷനിനുള്ളിൽ തകർന്നടിഞ്ഞ ബംഗ്ലദേശിന് ആശ്വാസമായി ഓപ്പണർമാരായ സാക്കിർ ഹസനും (33) ഷദ്മാൻ ഇസ്ലാമും (35) പിടിച്ചുനിന്നു. 16 ഓവറിൽ 62 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ട് പൊളിച്ചത് ജസ്പ്രീത് ബുമ്രയാണ്. യശസ്വി ജയ്സ്വാളിന്റെ ഉജ്വല ക്യാച്ചിൽ സാക്കിർ ഹസൻ പുറത്ത്. ആദ്യ ദിവസങ്ങളിൽ പേസർമാരെ കൈയയച്ച് സഹായിച്ച പിച്ചിൽ പന്ത് തിരിഞ്ഞു തുടങ്ങിയപ്പോൾ നേട്ടം കൊയ്തത് ആർ.അശ്വിനാണ്. ഷദ്മാൻ, മോമിനുൽ ഹഖ് (13), മുഷ്ഫിഖുർ റഹിം (13) എന്നിവരെ അശ്വിൻ പുറത്താക്കി.
English Summary:
India vs Bangladesh, 1st Test, Day 4 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]