
എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് നെട്ടേപ്പാടം റോഡിൽ ജയാ കമ്മത്തിന്റെ പഴയവീട്ടിൽ മഞ്ഞവെളിച്ചമുള്ള ഒരു വിന്റേജ് മുറിയുണ്ട്. ‘വേവ്സ് ഓഫ് മെമ്മറീസ്’ എന്ന പേരിൽ ഒരുക്കിയിരിക്കുന്ന മുറിയിൽ 1950-കൾ മുതൽ 1990-കളുടെ തുടക്കം വരെയുള്ള ഫിലിം പ്രൊജക്ടറുകളും ഗ്രാമങ്ങളിൽ പ്രദർശനത്തിന് വോൾട്ടേജ് നിയന്ത്രിച്ചിരുന്ന സ്റ്റെപ്പ് ഡൗണുമൊക്കയാണവിടെയുള്ളത്. ‘ഭാർഗവി നിലയം’, വാൾട്ട് ഡിസ്നിയുടെ ‘ജംഗിൾ ബുക്ക്’, സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’, ഐ.വി. ശശിയുടെ ‘ഇനിയങ്കിലും’ എന്നിവയുടെ ഫിലിം പ്രിന്റുകളും പഴകാല സിനിമകളുടെ ക്യാരക്ടർ പോസ്റ്ററുകളുമുൾപ്പെടെ ചരിത്രകുതുകികൾക്കും സിനിമാപ്രേമികൾക്കും പ്രിയതരമായ പലതും അവിടെയുണ്ട്.
സിനിമയോടുള്ള പ്രണയത്തിൽ ജോലിക്ക് പുറമേ ഗ്രാമങ്ങളിലേക്ക് സിനിമയുമായി സഞ്ചരിച്ചയാളാണ് എറണാകുളം സ്വദേശിയായ ബാലകൃഷ്ണ കാമത്ത്. 1972-ൽ കല്യാണത്തിന് ശേഷം മറ്റു ജോലികൾക്ക് ശ്രമിക്കാതെ ഭർത്താവിന്റെ പാഷനൊപ്പംകൂടുകയായിരുന്നു ജയാ കാമത്ത്. 1970കൾ മുതൽ 1989 വരെ വളരെ സജീവമായി ഇവര് 16 എം.എം. സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. ഫിലിം സൊസൈറ്റികൾ, ക്ലബ്ബുകൾ, സ്കൂളുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലായി കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും ഇവർ സിനിമകൾ പ്രദർശിപ്പിച്ചു. രാമു കാര്യാട്ടിന്റെ ‘മൂടുപടം’, എസ് രാമനാഥൻ്റെ ‘നാടോടികൾ’ (1959), ഭരതന്റെ ‘നിദ്ര’ (1981), ഐ.വി ശശിയുടെ 1982-ലെ കൾട്ട് ക്ലാസിക്കായ ‘ഈ നാട്’ തുടങ്ങിയ ചിത്രങ്ങളുടെയുമൊക്കെ ഒറിജിനൽ പോസ്റ്ററുകളും കാറ്റലോഗുകളും അവർ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
1980കളിലെ ആർ.സി.എ. 400 സ്പീക്കർ, ഷിക്കാഗോയിൽ നിന്നുള്ള ജിബി ബെൽ, ഹോവെൽ 16എം.എം. പ്രൊജക്ടർ, നോട്ടീസ് പ്രിൻ്റിങ്ങിനുള്ള ബ്ലോക്കുകൾ, ഫിലിം സ്ട്രിപ്പ് പ്രൊജക്ടറുകൾ, 8എം.എം, 16എം.എം, 35എം.എം തുടങ്ങിയ ഫിലിമുകളുമൊക്കയാണ് എച്ച്.ബി.കെ. മ്യൂസിയം എന്ന് ഇപ്പോൾ അറിയപ്പെടുന്ന ആ വീട്ടിൽ സന്ദർശകരെ കാത്തിരിക്കുന്നത്. “ഇടുക്കി ഡാം പണി തുടങ്ങിയ കാലത്ത് അവിടെ തൊഴിലാളികൾക്ക് വേണ്ടി എല്ലാ ശനി, ഞായർ ആഴ്ചകളിലും സിനിമ കളിച്ചിരുന്നു. തൊഴിലാളികളിലധികവും ഹിന്ദിക്കാരായിരുന്നു. ”ഓർമ്മയുടെ തിരയിളക്കത്തിൽ അവരുടെ ശബ്ദമിടറി. ഭർത്താവിന്റെ മരണശേഷം അവ സൂക്ഷിക്കാനുള്ള പ്രയത്നത്തിൽ ജയയെ സഹായിച്ചത് ഡോക്യുമെന്ററി ഫിലിംമേക്കറായ വി.കെ. സുബാഷാണ്. നിരവധി പുരസ്കാരത്തിനർഹമായ അദ്ദേഹത്തിന്റെ ‘ദി ഗ്രീൻമാനി’ന്റെ പ്രദർശനവേദിയിലാണ് സുബാഷിനെ ജയാ കാമത്ത് പരിചയപ്പെട്ടത്.
“2016- ൽ വീടിൻ്റെ റിനോവേഷനുവേണ്ടി ഏൽപ്പിച്ചപ്പോൾ അവിടെയുള്ള ചരിത്രസാമഗ്രികളുടെ വിലയറിയാതെ തൊഴിലാളികൾ അവ കൈകാര്യം ചെയ്തതിൻ്റെ അനന്തരഫലമായി പല പോസ്റ്ററുകളും ബുക്കുകളുമൊക്കെ നശിച്ചുപോയി. അത് കണ്ട് ആകെ തകർന്നുപോയ ജയ പണി നിർത്തി വയ്പ്പിച്ചു. പിന്നെ വീട് പൂട്ടിയിട്ടു. അങ്ങനെ ഒൻപതു വർഷത്തോളം ഈ അവസ്ഥയിൽ ആയിരുന്നു. അപ്പോഴാണ് യാദൃച്ഛികമായി എന്നെ പരിചയപ്പെട്ടത്.. ഈ വീട്ടിൽ ഇങ്ങനെ കുറച്ചു സാധനങ്ങൾ ഉണ്ട്, ഒന്ന് വന്നു നോക്കാമോ എന്നാണ് എന്നോട് ആവശ്യപ്പെട്ടത്” – സുബാഷ് പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണയോടെ അവ പുനഃസ്ഥാപിക്കാനും വീടിനെ ഒരു മ്യൂസിയമാക്കി മാറ്റാനും ജയയ്ക്ക് കഴിഞ്ഞു.
‘എ റൂം ഓഫ് വൺസ് ഓൺ’ പോലെയാണ്, പ്രായത്തെ മറന്നുള്ള ജയാ കാമത്തിന്റെ വേവ്സ് ഓഫ് മെമ്മറീസിനെ സുബാഷ് കാണുന്നത്. ‘16 എം.എം. സ്റ്റോറീസ്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി ജയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹം ചെയ്തിട്ടുണ്ട്. ജയയുടെ ജീവിതകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുബാഷ്. ഒരു ബോളിവുഡ് നടിയാണ് തന്റെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സ്വന്തം സ്വത്വത്തിനായി നിലകൊള്ളുന്ന സ്ത്രീകളുടെ കഥയായിരിക്കുമന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]