ഒരു വെറൈറ്റി ആത്മാവും കാലന്റെ അസിസ്റ്റന്റും മുഖ്യ കഥാപാത്രങ്ങളാകുന്ന ‘കുട്ടന്റെ ഷിനിഗാമി’ നർമത്തിൽ ചാലിച്ച ത്രില്ലർ മൂഡുള്ള ഒരു കൊച്ചു സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഫാന്റസിയുടെ ചുവടുപിടിച്ച് മുന്നേറുന്ന കഥ പ്രേക്ഷകരെ ചിരിപ്പിക്കും, രസിപ്പിക്കും. ചിത്രം അവസാനിക്കുമ്പോൾ സ്നേഹബന്ധങ്ങളുടെ അമരത്വം ഹൃദയത്തെ സ്പർശിക്കുകയും ചെയ്യും.
തിങ്കളൂർ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തികച്ചും സാധാരണക്കാരായ കുട്ടന്റെ പെട്ടെന്നുള്ള മരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. കുട്ടന്റെ ആത്മാവിനെ ഭൂമിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഷിനിഗാമി എത്തുന്നു. ഷിനിഗാമി എന്നാൽ ജാപ്പനീസിൽ കാലൻ എന്നാണ് അർഥം. കാലന്റെ അസിസ്റ്റന്റ് ആണ് ഷിനിഗാമി. താൻ എങ്ങനെയാണ് മരിച്ചത് എന്ന് അറിയാതെ ഷിനിഗാമിയോടൊപ്പം പോകാൻ കുട്ടൻ തയ്യാറാകുന്നില്ല. തുടര്ന്ന്
നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം.
ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഹൈ ടെക് കാലൻ ആത്മാക്കളുടെ സെന്റിമെന്റ്സ് കേൾക്കുമ്പോൾ ആർദ്രമായിപ്പോകുന്ന മനസിന്റെ ഉടമയാണ്. കുട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും നല്ല കാലനാണ് ഷിനിഗാമി. നിയമപ്രകാരം ദേഹം ചിതയിലേക്ക് എടുക്കുന്നതിന് മുമ്പ് ആത്മാവിനെ കൂട്ടിക്കൊണ്ടു പോകേണ്ടതാണ്. എന്നാൽ കുട്ടന്റെ അളിയൻ ദിനേശൻ വിദേശത്ത് നിന്ന് വന്നിട്ടേ ചിതയ്ക്ക് തീ കൊളുത്തൂ എന്നതുകൊണ്ട് അത്രയും സമയം കുട്ടന് ലഭിക്കുന്നു. ഇതിനിടയിൽ കുട്ടന്റെ അസ്വാഭാവിക മരണത്തിന്റെ കാരണം അറിയാനുള്ള ആകാംക്ഷ ഷിനിഗാമിക്കും ഉണ്ടാകുന്നതോടെ ഒരു ഇൻവെസ്റ്റിഗേഷൻ ജോണറിലേക്ക് കഥ മാറുന്നു. കുട്ടന്റെ ഇഴയടുപ്പമുള്ള കുടുംബവും, വാസുവുമായി കുട്ടിക്കാലം മുതലേയുള്ള ആത്മാർഥമായ സൗഹൃദവും, കുട്ടനും ഷിനിഗാമിയും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളും, കഥാന്ത്യത്തിലുള്ള അപ്രതീക്ഷിത ട്വിസ്റ്റുകളും ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു.
ഇന്ദ്രൻസും ജാഫർ ഇടുക്കിയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റഷീദ് പാറക്കൽ ആണ്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കലാണ് നിർമാണം. അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരാണ് കുട്ടൻ്റെ ഷിനിഗാമിയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
അർജുൻ വി. അക്ഷയ സംഗീതസംവിധായകനായ ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് റഷീദ് പാറയ്ക്കൽ തന്നെയാണ്. കഥാസന്ദർഭങ്ങൾക്ക് യോജിച്ച മനോഹരങ്ങളായ ഗാനങ്ങളാണ് അവ. ശിഹാബ് ഓങ്ങല്ലൂരിന്റെ ക്യാമറ ഗ്രാമീണതയുടെ സൗന്ദര്യം തുടിക്കുന്ന ഫ്രെയിമുകൾ കാണിച്ചുതരുന്നു. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കോസ്റ്റ്യൂം ഫെമിന ജബ്ബാർ, ആർട്ട് കോയാസ്, പ്രോജക്ട് ഡിസൈനിംഗ് സിറാജ് മൂൺബിം, മേക്കപ്പ് ഷിജി താനൂർ എന്നിവർ നിർവഹിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പം നന്മയുള്ള രസകരമായ സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ കുട്ടന്റെ ഷിനിഗാമി നിരാശപ്പെടുത്തില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]