‘പ്രണയം അതെല്ലാവരിലുമുണ്ട്. അതെവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നുന്നെന്ന് അറിയില്ല. അതറിഞ്ഞിരുന്നുവെങ്കിൽ പ്രണയ നഷ്ടങ്ങൾ ഒരിക്കലും ഉണ്ടാകില്ലായിരുന്നു’, ഒരു സ്റ്റാറ്റസിലെ വാക്കുകളാണിത്. അതുതന്നെയാണ് കഥ ഇന്നുവരെ എന്ന ചിത്രവും. ആത്മാർത്ഥമായി സ്നേഹിച്ചവർ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കഥാനായകന് നാല്പത്തി ഒൻപത് വയസുവരെയും അവിവാഹിതനായി നിൽക്കേണ്ടി വരില്ലായിരുന്നു.
ഒരു ഫീൽ ഗുഡ്- റൊമാന്റിക് എന്റർടെയ്നർ. കഥ ഇന്നുവരെ എന്ന വിഷ്ണു മോഹൻ ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ ജോണറിൽ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന പ്രണയ ജോഡികളും കഥകളും സംഭാഷണങ്ങളും അത്തരം സിനിമകളിലൂടെ ലഭിച്ചവയാണ്. അക്കൂട്ടത്തിലേക്കാണ് കഥ ഇന്നുവരെ എത്തുന്നത്. ഒപ്പം വ്യത്യസ്തമാർന്ന പ്രമേയവും. പ്രണയത്തിന്റെ കയറ്റിറക്കങ്ങളെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ എഴുത്തുകാരൻ കൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്.
നോൺ ലീനിയർ രീതിയിലാണ് സിനിമയുടെ കഥ പറഞ്ഞ് പോകുന്നത്. ഒരാളുടെ പ്രണയത്തെ ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ പ്യൂണായി ജോലി ചെയ്യുന്ന രാമചന്ദ്രനാണ് കഥാനായകൻ. രാമചന്ദ്രനിൽ തുടങ്ങുന്ന കഥ പിന്നീട് പ്രേക്ഷകരെ കൊണ്ടു പോകുന്നത് ആലപ്പുഴയിലെ രാഷ്ട്രീയക്കാരനായ ജോസഫിന്റെയും ഇടുക്കിയിലെ ലിക്കർ ഷോപ്പ് ജീവിനക്കാരന്റെയും പാലക്കാടുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെയും പ്രണയത്തിലേക്കാണ്. ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രണയം എന്ന അതുല്യ നാമവും.
തന്റെ, മേൽ ഉദ്യോഗസ്ഥയും വിധവയും ഒരു മകളുമുള്ള ലക്ഷ്മിയെ ആണ് രാമചന്ദ്രൻ പ്രണയിക്കുന്നത്. പ്രണയമാണ് പ്രധാന വിഷയമെങ്കിലും ഇരുവരുടെയും ജീവിതവും വരച്ചിടുന്നുണ്ട് ചിത്രത്തിൽ. നസീമ എന്ന പെൺകുട്ടിയെയാണ് ലിക്കർ ഷോപ്പ് ജീവനക്കാരൻ പ്രണയിക്കുന്നത്. ഒരാളുടെ സൗന്ദര്യമോ പണമോ പ്രതാപമോ ജോലിയോ ഒന്നുമല്ല, പ്രണയമാണ് ഏറ്റവും വലുത് എന്ന് തെളിയിക്കുന്നതാണ് ഇവരുടെ കഥ. ജോസഫിന്റെ പ്രണയമാകട്ടെ മറ്റൊരു മതവിഭാഗത്തിൽപെട്ട പെൺകുട്ടിയുമായി. സ്കൂൾ വിദ്യാർത്ഥിയുടെ കഥയിൽ സഹപാഠിയോട് പ്രണയമുണ്ടെങ്കിലും സാധാരണക്കാരന്റെ പച്ചയായ ജീവിതവും തുറന്നു കാട്ടുന്നുണ്ട്. ഈ നാല് കഥയെയും ഒരു നൂലിൽ കോർത്ത മുത്തുകളെ പോലെ, യാതൊരു വിധ ഏച്ചുകെട്ടലുകളും ഇല്ലാതെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.
ക്ലൈമാക്സ് ആണ് കഥ ഇന്നുവരെയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രണയവും പ്രണയ നഷ്ടവും എല്ലാം കണ്ട് കണ്ണും മനവും നിറഞ്ഞ പ്രേക്ഷകർക്ക് വൻ ട്വിസ്റ്റാണ് ക്ലൈമാക്സ് സമ്മാനിച്ചത്. ഇത്തരമൊരു ക്ലൈമാക്സ് മലയാള സിനിമയിൽ ഇതുവരെ വന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. തിയറ്ററുകളിൽ പ്രേക്ഷകർ കാണിച്ച ആശ്ചര്യം തന്നെ അതിന് തെളിവ്.
ബിജു മേനോൻ(രാമചന്ദ്രൻ), നിഖില(ഉമ), അനുശ്രി(നസീമ), അനു മോഹൻ(ജോസഫ്), സിദ്ദിഖ്(നാരായണൻ), രൺജി പണിക്കർ(ശിവരാജ്), മേതിൽ ദേവിക(ലക്ഷ്മി), അപ്പുണ്ണി ശശി(വാസു) തുടങ്ങിവരാണ് കഥ ഇന്നുവരെയിലെ പ്രധാന കഥാപാത്രങ്ങൾ. ബിജു മേനോനും നിഖിലയും അനുശ്രീയും രഞ്ജി പണിക്കരുമെല്ലാം അവരുവരുടെ ഭാഗങ്ങൾ എപ്പോഴത്തെയും പോലെ മനോഹരമാക്കിയിട്ടുണ്ട്. പ്രണയ വിലാസം എന്ന ചിത്രത്തിന് ശേഷം കിട്ടിയ കാമുകൻ കഥാപാത്രം ഹക്കീം ഗംഭീരമാക്കി. ആദ്യമായി അഭിനയിക്കുകയാണെങ്കിലും അതിന്റെ ജാള്യതകളൊന്നും ഇല്ലാതെ ലക്ഷ്മിയെ മേതിൽ ദേവിക കയ്യിൽ ഭദ്രമാക്കി. ഒരിടവേളയ്ക്ക് ശേഷം മികച്ചൊരു വേഷത്തിലെത്തി വിഷ്ണു മോഹനും കയ്യടി അർഹിക്കുന്നു.
തിയറ്ററിൽ തീപ്പൊരി പാറിച്ച് എ ആർ എം മുന്നോട്ട്; അജയന്റെ മനോഹര പ്രണയവുമായി ‘കിളിയേ..’
മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ വൻ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ. ആദ്യ സിനിമയിൽ നിന്നും യാതൊരു ബന്ധവും ഇല്ലാതെ, തികച്ചും വ്യത്യസ്തമായ ജോണറിൽ പിടിച്ച ചിത്രത്തിൽ വിഷ്ണു വിജയിച്ചിട്ടുണ്ട്. ഇത്തരം ജോണറിൽ സിനിമകൾ ചെയ്യാൻ വിഷ്ണുവിന് ഇനിയും ഊർജ്ജം പകരും കഥ ഇന്നുവരെ എന്നതിൽ തർക്കവുമില്ല. എന്തായാലും പ്രണയ ചിത്രങ്ങൾ കാണാൻ എന്നും താല്പര്യം കാണിക്കാറുള്ള മലയാളികൾക്ക് കഥ ഇന്നുവരെ ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]