
ടെൽഅവീവ്: പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകളിലൂടെ ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം. തങ്ങളുടെ യുദ്ധമുറികളിൽ വർഷങ്ങളുടെ ശ്രമഫലമായി വിദഗ്ധർ രൂപപ്പെടുത്തിയ കുടില തന്ത്രം ഇസ്രയേൽ അണുകിട തെറ്റാതെ നടപ്പാക്കുകയും ചെയ്തു. നേരത്തേ തന്നെ സങ്കീർണമായ രഹസ്യ ആക്രമണങ്ങൾ നടപ്പാക്കാൻ കഴിവുള്ളവർ എന്ന പേര് ഇസ്രയേലിന് സ്വന്തമായിരുന്നു. ഇപ്പോഴത്തെ ആക്രമണ പരമ്പരകളിലൂടെ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഭയപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ് ഇസ്രയേൽ ഇപ്പോൾ ഹിസ്ബുള്ളയുടെ നേരെ പ്രയോഗിക്കുന്നതെന്നാണ് പല അന്താരാഷ്ട്രാ മാദ്ധ്യമങ്ങളും റിപ്പോർട്ടുചെയ്യുന്നത്. ഇസ്രയേലിന്റെ ആക്രമണ ഭീതി നിലനിൽക്കുന്നതിനാൽ ആശയ വിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ പേജറിനെയാണ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. ഹിസ്ബുള്ളയിലെ പ്രവർത്തകർക്ക് മാത്രമല്ല അവരുമായി ബന്ധപ്പെട്ടവർക്കുപോലും മൊബൈൽ ഫാേണുകളോ സ്മാർട്ട് ഫോണുകളോ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നു. മൊബൈൽ ഫോണുകൾ ഇസ്രയേൽ ഏജന്റാണ്. അതിനാൽ അവയെ കുഴിച്ചുമൂടുക എന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ല അനുയായികളോട് ആഹ്വാനം ചെയ്തത്.
മൊബൈലുകൾ ഉപേക്ഷിച്ചതോടെ ആശയവിനിമയത്തിന് ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. സ്ഫോടന പരമ്പരകളെ തുടർന്ന് ഹിസ്ബുള്ള അംഗങ്ങൾക്ക് ഇപ്പോൾ പേജറുകൾ കാണുന്നതുപോലും പേടിയായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഹിസ്ബുള്ളയുടെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ഏറക്കുറെ ഇല്ലാതായ അവസ്ഥയിലാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാത്രമല്ല തങ്ങളുടെ ആശയ വിനിമയ ശൃംഖലയിലേക്ക് ഇസ്രയേൽ എത്രത്തോളം കടന്നുകയറി എന്നതിലും ഹിസ്ബുള്ളയ്ക്ക് വ്യക്തതയില്ല.
ഇത്തരമൊരു അവസരമാണ് ഇസ്രയേലിന് വേണ്ടിയിരുന്നതും. ആശയവിനിമയശേഷി അവതാളത്തിലായതോടെ തങ്ങൾക്കെതിരെ ഉൾപ്പെടെയുള്ള വൻ ഓപ്പറേഷനുകൾ നടത്താൻ ഹിസ്ബുള്ള മടിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. മാത്രമല്ല ഫണ്ട്, ആയുധങ്ങൾ ഉൾപ്പെടെയുളളവയുടെ വിതരണവും താറുമാറാകും. ചുരുക്കത്തിൽ ഹിസ്ബുള്ളയുടെ ഭീഷണി പൂർണമായും അവസാനിക്കില്ലെങ്കിലും നാമമാത്രമായി ചുരുങ്ങാൻ ഇടയുണ്ട്.
മുന്നൊരുക്കങ്ങൾ തുടങ്ങിയത് 2022 ൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹിസ്ബുള്ളയ്ക്ക് പേജറുകൾ വിതരണം ചെയ്ത ഹംഗേറിയൻ സ്ഥാപനം ഇസ്രയേലി രഹസ്യാന്വേഷണ ഏജന്റുമാർ സ്ഥാപിച്ചതാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അവിടെ ജോലിചെയ്തിരുവർ ഇസ്രയേൽ ചാരന്മാരോ, അവർ നിയോഗിച്ചിരുന്നവരോ ആണ്. 2022 മേയിൽ ഹംഗറിയിൽ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായാണ് ഈ സ്ഥാപനം ലിസ്റ്റുചെയ്തിട്ടുള്ളത്. ഹിസ്ബുള്ളയുടെ വിശ്വാസം പിടിച്ചുപറ്റിയശേഷമാണ് അവർക്ക് പേജറുകൾ വിതരണം ചെയ്യാൻ തുടങ്ങിയത്. ഇസ്രയേലുമായി ഒരു സംഘർഷം ഉണ്ടായാൽ എമർജൻസ് കമ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനുവേണ്ടിയുള്ള പേജറുകളാണ് വിതരണം ചെയ്തത്. കമ്പനിയുടെ പ്രവർത്തനെക്കുറിച്ച് ഹംഗറിക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. പേജറുകളുടെ നിർമാണം ഒന്നും ഇവിടെ നടത്തിയിരുന്നില്ല. പൂർണമായും ഇടനിലക്കാരായി മാത്രമാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.