
ഹൈദരാബാദ്: തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രംഗത്ത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.
വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയത്. അവർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അമരാവതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങൾക്കും ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗൻ മോഹൻ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അവർക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാൻ കഴിഞ്ഞില്ലെന്നും നായുഡു കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി മോശമായ എന്തും ചെയ്യാൻ ചന്ദ്രബാബു നായിഡു മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് വൈഎസ്ആർസിപിയുടെ വൈവി സുബ്ബ റെഡ്ഡി പ്രതികരിച്ചു. ചന്ദ്രബാബു നായുഡുവിന്റെ ആരോപണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി. തിരുപ്പതിയിൽ പ്രതിദിനം മൂന്ന് ലക്ഷം ലഡു ർമ്മിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇവ നിർമ്മിക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോൾ ഇ-ടെൻഡർ വഴി വൻതോതിൽ നെയ്യ് വാങ്ങുകയാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]