
ബോളിവുഡ് താരം ഷാരൂഖ് ഖാനോട് സഹായമഭ്യർഥിച്ച് അന്തരിച്ച ഗായകൻ ആദേഷ് ശ്രീവാസ്തവയുടെ ഭാര്യയും നടിയുമായ വിജയ്ത പണ്ഡിറ്റ്. ഭർത്താവ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഷാരൂഖ് ഖാൻ നൽകിയ വാക്ക് പാലിക്കണമെന്നും സംഗീതജ്ഞനായ തൻ്റെ മകൻ അവിതേഷ് ശ്രീവാസ്തവയ്ക്ക് സിനിമയിൽ അവസരം നൽകണമെന്നും വിജയ്ത ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. തൻ്റെ സഹോദരന്മാരായ ജതിൻ-ലളിത് ഷാരൂഖിൻ്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ചവരാണെന്നും വിജയ്ത കൂട്ടിച്ചേർത്തു.
‘എൻ്റെ മകൻ അവിതേഷ് വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏക്കോൺ, ഫ്രഞ്ച് മൊണ്ടാന എന്നിവർക്കൊപ്പമെല്ലാം അവൻ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ, എൻ്റെ മകന് സിനിമാ മേഖലയിൽ നിന്ന് പിന്തുണയോ മാർഗനിർദേശമോ ലഭിക്കുന്നില്ല. ആദേഷ് ഇന്നില്ലെന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് അറിയാം. അദ്ദേഹം മരണക്കിടക്കയിൽ ആയിരുന്നപ്പോൾ ഷാരൂഖ് ഖാൻ അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹം ഷാരൂഖിൻ്റെ കെെയിൽ പിടിച്ച് ”എന്റെ മകനെ നോക്കണം” എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു.
എനിക്കിപ്പോൾ ഷാരൂഖിനെ ബന്ധപ്പെടാൻ കഴിയുന്നില്ല. അദ്ദേഹം എന്റെ മകന് നൽകിയ നമ്പർ പ്രവർത്തനരഹിതമാണ്. ഷാരൂഖ് എൻ്റെ ഭർത്താവിന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നുവെന്ന് ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് താങ്കളെ ഇപ്പോൾ ആവശ്യമുള്ള സമയമാണ്. എന്റെ മകനെ നിങ്ങൾ സഹായിക്കണം. എന്റെ മകനാണ് എന്റെയും കുടുംബത്തിൻ്റെയും ഭാവി. ഞാൻ ഇപ്പോൾ ഒന്നും സമ്പാദിക്കുന്നില്ല.
ഷാരൂഖ് ഖാൻ ഇന്ന് ഒരു വലിയ താരമാണ്, എന്നാൽ എൻ്റെ സഹോദരങ്ങൾ അദ്ദേഹത്തിൻ്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ, കുച്ച് കുച്ച് ഹോത്താ ഹേ, രാജു ബൻ ഗയാ ജെൻ്റിൽമാൻ തുടങ്ങിയ അദ്ദേഹത്തിൻ്റെ സിനിമകൾക്കായി അവർ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. ഷാരൂഖിൻ്റെ വിജയത്തിൽ എൻ്റെ സഹോദരങ്ങൾ പ്രധാന പങ്കുവഹിച്ചു, ഇതെല്ലാം പരിഗണിച്ച് എൻ്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം’, വിജയ്ത പണ്ഡിറ്റ് പറഞ്ഞു.
2015 ലാണ് കാൻസർ ബാധിച്ച് ആദേഷ് ശ്രീവാസ്തവ മരിക്കുന്നത്. ചല്‍ത്തെ ചല്‍ത്തെ, ബാഗ്ബന്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ ആദേഷ് ഗാനമാലപിച്ചിട്ടുണ്ട്. നടൻ ഷാരൂഖ് ഖാൻ ഉൾപ്പടെയുള്ളവരുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]