
മുംബൈ: കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിന്റെ റിലീസിൽ ഇടപെട്ട് ബോംബെ ഹൈക്കോടതി. സിനിമയുടെ റിലീസിന്റെ കാര്യത്തിൽ ഈ മാസം 25-നകം തീരുമാനമെടുക്കണമെന്ന് കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടർന്നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത്.
‘എമർജൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ ബർഗെസ് കൊളാബാവാല, ഫിർദോഷ് പൂണിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിനിമയ്ക്കെതിരെ ജബൽപൂർ സിഖ് സംഗത് സമർപ്പിച്ച ഹർജികൾ പരിഗണിക്കാനും റിലീസ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ സെപ്റ്റംബർ 18-നകം തീരുമാനമെടുക്കാനും സെപ്തംബർ നാലിന് കോടതി ഉത്തരവിട്ടിരുന്നു.
സെപ്റ്റംബർ ആറ് വെള്ളിയാഴ്ചയായിരുന്നു ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന ‘എമർജൻസി’ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായി.
ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനുംവേണ്ടി നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും തിരിച്ചടിയാണ് ‘എമർജൻസി’ക്ക് ലഭിച്ചത്. തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. തന്റെ സിനിമയ്ക്കുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു എന്നുമോർക്കുമ്പോൾ വളരെയേറെ നിരാശ തോന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു.
സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളിതാരം വിശാഖ് നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]