
പാലക്കാട്: മുച്ചിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് വീടിന് സ്ഥലം നൽകുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. വീടിനായി 4 സെന്റ് ഭൂമി ഉടൻ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇവരുടെ ദുരിതത്തെക്കുറിച്ചുള്ള വാർത്ത പുറത്തെത്തിച്ചത്. ഭൂമി അനുവദിക്കാനായി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് നടപടി വേഗത്തിലാക്കുമെന്നും നിലവിലെ പട്ടയത്തിലെ ഒരേക്കർ ഭൂമി നൽകാനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തയ്ക്കു പിന്നാലെ മന്ത്രിയുടെ ഇടപെടലിൽ ഏഷ്യാനെറ്റ് ന്യൂസിന് നന്ദി പറയുകയാണ് മുച്ചിക്കുന്നിലെ കുടുംബങ്ങൾ. കിടപ്പാടത്തിന് സ്ഥലം ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ സന്തോഷമുണ്ടെന്നും കുടുംബങ്ങൾ പ്രതികരിച്ചു. മൂന്നു വർഷം മുൻപ് പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി കുടുംബങ്ങൾ കഴിയുന്നത് പൊളിഞ്ഞുവീഴാറായ വാടക വീട്ടിലായിരുന്നു.
പാലക്കാട് തെങ്കര തത്തേങ്ങലം മൂച്ചിക്കുന്ന് പട്ടികവർഗ ഗ്രാമത്തിലെ നാല് കുടുംബങ്ങളാണ് പട്ടയത്തിൽ പറയുന്ന ഭൂമി അന്വേഷിച്ചു നടക്കുന്നത്. വനംവകുപ്പിന്റെ ക്വാർട്ടേഴ്സിൽ നിന്നും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇറക്കി വിട്ടതോടെ സ്വന്തം ഇടം തേടി അലയുകയായിരുന്നു ഇവർ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് കിടപ്പാടം ലഭിക്കുമെന്ന സന്തോഷത്തിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]