
.news-body p a {width: auto;float: none;}
ലണ്ടൻ: റോസാപ്പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. കഥകളിലും കവിതകളിലും നിറഞ്ഞുനിൽക്കുന്ന റോസാപ്പൂക്കൾ വാടാതിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ. വാൾട്ട് ഡിസ്നിയിലൂടെ ‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് ” കഥയിൽ മാന്ത്രിക ശക്തിയുള്ള മനോഹരമായ ഒരു റോസാപ്പൂവുണ്ട്. വാടാതെ വർഷങ്ങളോളം നിലനിന്ന ആ പൂവ് കഥകയിൽ മാത്രമല്ല. ശരിക്കുമുണ്ട്.
‘ഫോറെവർ റോസ് ലണ്ടൻ’ എന്ന ലക്ഷ്വറി ഫ്ലവർ കമ്പനി ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിലേതു പോലുള്ള മാന്ത്രിക റോസാപ്പൂക്കൾ വിപണിയിലെത്തിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽകാലം വാടാതെ നിലനിൽക്കുന്ന പൂക്കളാണിവയെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
സാധാരണ ആഡംബര അലങ്കാര പുഷ്പങ്ങളുടെ ആയുസ് ഒന്നോ രണ്ടോ ആഴ്ചകളാണ്. എന്നാൽ, ഫോറെവർ റോസ് അങ്ങനെയല്ല. ഒരു ബെൽ ഗ്ലാസിനുള്ളിലാണ് ഈ റോസാപ്പൂക്കൾ ഉള്ളത്. ബെൽഗ്ലാസ് തുറക്കാതെ തന്നെ പൂവ് സൂക്ഷിക്കുകയാണെങ്കിൽ 20 വർഷത്തോളം അതുപോലെ നിലനിൽക്കും. സൂര്യപ്രകാശത്തിന്റെയോ വെള്ളത്തിന്റെയോ ആവശ്യമേയില്ല. ഇനി ബെൽഗ്ലാസ് നീക്കം ചെയ്താലോ? ഇപ്പോൾ വിടർന്ന പോലെ മൂന്ന് വർഷം വരെ വാടാതെ നിൽക്കുമത്രെ.
ഫോറെവർ റോസുകളുടെ ദീർഘായുസിന്റെ രഹസ്യം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഗ്ലിസറിനും എസൻഷ്യൽ ഓയിലുകളും അടങ്ങിയ മിശ്രിതം ചേർത്തിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ട്. സാധാരണ റോസാപ്പൂക്കളിൽ നിന്നും പത്തിരട്ടി കട്ടി കൂടിയതും അഞ്ചിരട്ടി വലിപ്പമുള്ളതുമായ ഇതളുകളാണ് ഫോറെവർ റോസുകൾക്ക്. 30ലേറെ നിറത്തിലും ലഭ്യമായ ഇവയ്ക്ക് 200 മുതൽ 4,000 ഡോളർ വരെയാണ് വില. 1999ൽ ലണ്ടനിലാണ് ഫോറെവർ റോസിന് തുടക്കമിട്ടത്. അതേ സമയം, വർഷങ്ങളോളം വാടാതെ നിലനിൽക്കുന്ന പൂക്കൾ വിൽക്കുന്ന മറ്റ് കമ്പനികൾക്കും സമീപകാലത്ത് പ്രചാരമേറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]