
തിയേറ്ററിൽ ആളെ കയറ്റാനും ഏജൻസികൾ പ്രവർത്തിക്കുന്നുവെന്നും തന്നെയും അവർ ബന്ധപ്പെട്ടുവെന്നും സംവിധായകൻ ഷെബി ചൗഘട്ട്. ഓണത്തിനിറങ്ങിയ രണ്ടു ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ള സിനിമകൾക്ക് എല്ലാം കളക്ഷൻ ഇല്ലായ്മ പ്രശ്നമാണെന്നും സംവിധായകൻ പറഞ്ഞു. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണം റിലീസ് ആയാണ് തിയേറ്ററുകളിലെത്തിയത്.
‘ഈ ഓണക്കാലത്ത് പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് തൃപ്തി നൽകിയ സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. എങ്കിലും വലിയ താരങ്ങളുടെ പിൻബലമില്ലാത്ത ഞങ്ങളുടെ ചിത്രത്തിന് തിയേറ്ററുകളിൽ കളക്ഷൻ കുറവാണ്.
എന്നാൽ കളക്ഷനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കാൻ അല്ല ഞാനിപ്പോൾ ഈ പോസ്റ്റ് എഴുതുന്നത്. ഓണത്തിനിറങ്ങിയ രണ്ടു ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ള സിനിമകൾക്ക് എല്ലാം ഈ കളക്ഷൻ ഇല്ലായ്മ പ്രശ്നമാണ്. അതിനിടെ ചില ഏജൻസികൾ എന്റെ സിനിമയുടെ നിർമാതാവിനെയും എന്നെയും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഓരോ ദിവസവും നിശ്ചിത ആളുകളെ ടിക്കറ്റ് സൗജന്യമായി കൊടുത്തുകൊണ്ട് തിയേറ്ററിൽ കയറ്റാം എന്നാണ് അവർ ഉറപ്പു നൽകിയത്. ടിക്കറ്റ് ചാർജിന് പുറമേ അവർക്ക് ഒരു ഫീസും ഉണ്ട്. ഈ ഓണത്തിന് ഇറങ്ങിയ ഒരു സിനിമയ്ക്ക് ഇത്തരത്തിൽ ആളുകളെ കയറ്റുന്നതിന് ഒരു കോടി രൂപയാണ് നിർമാതാവ് മാറ്റിവെച്ചിരിക്കുന്നത് എന്നും ആ ഏജൻസി പറഞ്ഞു.
പുതിയതായി സിനിമ ചെയ്യാൻ വരുന്ന നിർമാതാക്കൾ താരമൂല്യമുള്ള സിനിമയോ പുതുമുഖങ്ങളെ വെച്ചുള്ള സിനിമയോ ആകട്ടെ, ഏതു സിനിമയ്ക്ക് ആയാലും ഇത്തരത്തിൽ ആളുകളെ കയറ്റാൻ മിനിമം 30 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഡിസ്ട്രിബ്യൂഷൻ ആലോചിക്കുമ്പോൾ പോസ്റ്ററുകൾക്കും പരസ്യങ്ങൾക്കും മറ്റു ഡിജിറ്റൽ പ്രചരണങ്ങൾക്കും ഉള്ള തുക മാത്രമല്ല ഇത്തരം ഏജൻസികൾക്ക് കൊടുക്കാനുള്ള തുക കൂടി മാറ്റിവെക്കേണ്ടി വരും എന്ന് ആലോചിക്കണം. ഇത്തരം ഏജൻസികൾ ശക്തി പ്രാപിക്കുന്നത് മലയാള സിനിമയ്ക്ക് ഭൂഷണം അല്ല എന്ന സത്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു’, ഷെബി ചൗഘട്ട് പറഞ്ഞു.
പ്രമുഖ സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, ഇനിയ, വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷറഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]