കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതികരണവുമായി അപകടത്തിൽ പരിക്കേറ്റ ഫൗസിയ. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ഫൗസിയ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞുമോൾ ഇന്നലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
”സാധനം മേടിക്കാൻ അപ്പുറത്തെ കടയിൽ പോയതാ, ഞാനും ചേട്ടത്തിയും കൂടിയാ പോയത്. ചേട്ടത്തി വണ്ടിയില് കയറി, ഞാൻ അപ്പുറോമിപ്പുറോം നോക്കി വണ്ടി വരുന്നുണ്ടോന്ന്, ഇല്ലെന്ന് ഉറപ്പാക്കീട്ടാ ഞാൻ വണ്ടിയെടുത്തത്. പക്ഷേ പെട്ടെന്ന് എവിടെ നിന്നാ വണ്ടി കയറി വന്നതെന്ന് എനിക്ക് ഓർമ്മയില്ല. പെട്ടെന്ന് വന്ന് ഇടിച്ചിടുകയായിരുന്നു. ഞാനൊരു സൈഡിലേക്കും ചേട്ടത്തി കാറിന്റെ മുന്നിലേക്കുമാണ് വീണത്. ചേട്ടത്തി എഴുന്നേറ്റു, പക്ഷേ പിന്നേം കാർ കയറിയിറങ്ങി പോയി. കാർ അതിവേഗത്തിലാ വന്നത്. ബാലൻസില്ലാതെയാ വണ്ടി വന്നത്.” അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഫൗസിയ ഇപ്പോഴും മുക്തമായിട്ടില്ല.
ഇന്നലെയുണ്ടായ അപകടത്തിൽ കാറോടിച്ച അജ്മൽ അറസ്റ്റിലായിട്ടുണ്ട്. കാറിലുണ്ടായിരുന്ന വനിത ഡോക്ടർ ശ്രീക്കുട്ടിയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് വിവരം പുറത്തുവന്നിട്ടുണ്ട്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്നാണ് പരിശോധനാ ഫലം. സുഹൃത്തിന്റെ വീട്ടിൽ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
അപകടം മനപൂർവമെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ. അപകടത്തിന് മുമ്പ് വാഹനത്തിലുള്ളവർ മദ്യപിക്കുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. കുറ്റകരമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഡോക്ടർ ശ്രീക്കുട്ടിയേയും പ്രതി ചേർക്കും. വാഹനം മുന്നോട്ടെടുക്കാൻ പ്രേരിപ്പിച്ചത് യുവതിയാണെന്നാണ് സാക്ഷിമൊഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]