
പണ്ടുപണ്ട് ഒരിടത്ത്… മുത്തശ്ശിക്കഥകൾ തുടങ്ങുന്നത് പലപ്പോഴും ഇങ്ങനെയായിരിക്കും. ആ കഥകളിൽ കെട്ടുകഥകളും യാഥാർത്ഥ്യങ്ങളും ഒന്നോടൊന്നായി ഇഴചേർന്നുകിടക്കും. വീരന്മാരും ഭൂതപ്രേതാദികളും മിത്തുകളുമെല്ലാം അതിലൂടെ പുനർജനിക്കും. നവാഗതനായ ജിതിൻലാൽ ടൊവിനോ തോമസിനെ നായകനാക്കിയൊരുക്കിയ എ.ആർ.എം എന്ന ചിത്രവും അതുപോലൊരു മുത്തശ്ശിക്കഥയുടെ സൗന്ദര്യവുമായാണ് എത്തിയിരിക്കുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചീയോതിക്കാവ് എന്ന സാങ്കൽപികദേശത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും കടന്നുചെല്ലുന്ന ചിത്രം മലയാളസിനിമ ഇന്നുവരെ കാണാത്ത വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നതെന്ന് ആദ്യമേ പറയട്ടെ.
ചീയോതിക്കാവും അവിടത്തെ ഒരു ക്ഷേത്രവും അവിടത്തെ വിശ്വാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മൂന്നുപേരും മൂന്ന് തലമുറയിൽപ്പെട്ടവർ. ഇവരെങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് കാണേണ്ട കാഴ്ച. കഥയുടെ നല്ലൊരു ഭാഗവും 90കളിലാണ് നടക്കുന്നത്. സംഭവബഹുലമായ മൂന്ന് ജീവിതാധ്യായങ്ങൾ നോൺ ലീനിയർ സ്വഭാവത്തിൽ അവതരിപ്പിക്കുകയാണ് ജിതിൻലാലും കൂട്ടരും. കുഞ്ഞിക്കേളുവിൽത്തുടങ്ങി മണിയനിലേക്കും അജയനിലേക്കും തിരിച്ചും പലവട്ടം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുന്നുണ്ട് ചിത്രം. നോൺലീനിയർ സ്വഭാവം അല്പം ഉണ്ടെങ്കിലും ഒരുസ്ഥലത്തുപോലും ബോറടിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചതിൽ സംവിധായകനും തിരക്കഥാകൃത്തിനും പ്രത്യേകം കയ്യടി നൽകണം.
വർത്തമാനകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും ചീയോതിക്കാവിന്റെ ഐതിഹ്യത്തിന് ഒരു കോട്ടവും തട്ടാതെ, ഒരേ താളത്തിൽ കൊണ്ടുപോവുന്നുണ്ട് എ.ആർ.എം. അതിന് സഹായിക്കുന്നതാകട്ടെ യോദ്ധാവായ കുഞ്ഞിക്കേളുവും കള്ളനായ മണിയനുമാണ്. കഥാപരിസരത്തിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളാണ് ചിത്രത്തിലെ സസ്പെൻസ് ഘടകം.
പോരാളിയായ കുഞ്ഞിക്കേളു, ചീയോതിക്കാവിന്റെ ഉറക്കം കെടുത്തുന്ന പെരുങ്കള്ളൻ മണിയൻ, കള്ളന്റെ വംശത്തിൽ പിറന്നു എന്നതിൽ നാട്ടുകാർ എപ്പോഴും സംശയത്തിന്റെ മുനയിൽ നിർത്തുന്ന അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ കുഞ്ഞിക്കേളുവിനെക്കാളും അജയനെക്കാളും മുന്നിട്ടുനിൽക്കുന്നത് മണിയൻ എന്ന കഥാപാത്രമാണ്. സിനിമയുടെ ജീവനാഡിയെന്നും ചീയോതിക്കാവിലെ മിത്ത് എന്നൊക്കെ വിളിക്കാം ഈ കഥാപാത്രത്തെ. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട് നാടിനെ ജയിച്ച കള്ളൻ എന്ന്. പാവപ്പെട്ടവരിൽനിന്ന് മോഷ്ടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നതും തന്നെ ചതിച്ചവരോട് മോഷണത്തിലൂടെ പ്രതികാരം ചെയ്യുന്നവരുമടക്കം പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട് മലയാളസിനിമ. അതിൽനിന്നെല്ലാം മണിയൻ വ്യത്യസ്തനാവുന്നത് അദ്ദേഹം ചെയ്ത മോഷണത്തിന്റെ പേരിലാണ്. അല്ലെങ്കിൽ മോഷണരീതിയുടെ പേരിലാണ്. ഈ മൂന്നുകഥാപാത്രങ്ങളും സുഭദ്രമായിരുന്നു ടൊവിനോയുടെ കയ്യിൽ.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മൂന്നുകഥാപാത്രങ്ങളും മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവർ. ചോതിയായി ഐശ്വര്യ രാജേഷും ലക്ഷ്മിയായി കൃതി ഷെട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. കൂട്ടത്തിൽ മാണിക്കമായി എത്തിയ സുരഭി ലക്ഷ്മിയുടെ പ്രകടനത്തിന് പ്രത്യേകം കയ്യടി നൽകണം. അന്നത്തെ സാമൂഹിക വ്യവസ്ഥിതികൂടി ഈ കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്നുണ്ട്. അപമാനത്തിൽനിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്കത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം. കുടുംബാംഗങ്ങൾ പോലും പിൽക്കാലത്ത് മണിയനെ തള്ളിപ്പറയുമ്പോൾ, അയാളുടെ പിൻതലമുറയിൽ ജനിച്ചുവെന്ന അപമാനം പേറുമ്പോൾ മാണിക്കം മാത്രമാണ് അയാളെക്കുറിച്ചോർത്ത് അഭിമാനംകൊള്ളുന്നത്. അത് എന്തുകാരണത്താലാണ് എന്നതാണ് ചിത്രത്തിലെ മറ്റൊരു സസ്പെൻസ്.
ബേസിൽ ജോസഫ്, ഹരീഷ് ഉത്തമൻ, നിസ്താർ സേട്ട്, രോഹിണി, ജഗദീഷ്, സുധീഷ്, സന്തോഷ് കീഴാറ്റൂർ, പ്രമോദ് ഷെട്ടി, അജു വർഗീസ് എന്നിവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
ടെക്ക്നിക്കൽ വശത്തേക്ക് വന്നാൽ സംഗീതസംവിധായകനായ ദിബു നൈനാൻ തോമസിൽനിന്ന് തുടങ്ങാം. ഒരു പാൻ ഇന്ത്യൻ മലയാളത്തിൽ ലഭിച്ച അവസരം പരമാവധി മുതലാക്കിയിട്ടുണ്ട് അദ്ദേഹം. യാഥാർത്ഥ്യവും കെട്ടുകഥകളും പിണഞ്ഞുകിടക്കുന്ന ലോകം തീർക്കാൻ ദിബുവിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. മണിയന്റെ മോഷണരംഗങ്ങളും കുഞ്ഞിക്കേളുവിന്റെ പോരാട്ടവീര്യവും ത്രില്ലടിപ്പിക്കുംവിധം ഒരുക്കിയതിൽ സംഘട്ടനസംവിധായകരായ വിക്രം മോർ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ് എന്നിവരും നിറഞ്ഞ കയ്യടിയർഹിക്കുന്നു. എന്തായാലും മലയാളത്തിൽ മികച്ച ഫാന്റസി ചിത്രങ്ങളില്ലെന്ന കുറവ് അജയനും കൂട്ടരും ചേർന്ന് നികത്തിയിട്ടുണ്ട്. ധൈര്യമായി ടിക്കറ്റെടുക്കാം ടൊവിനോയുടെ ഈ ട്രിപ്പിൾ റോൾ വിളയാട്ടത്തിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]