
സ്വന്തം കുഞ്ഞിനെ ഗർഭം ധരിക്കാനാവില്ലെന്ന് വെളിപ്പെടുത്തി നടിയും ഗായികയുമായ സെലീന ഗോമസ്. വിവിധ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗർഭധാരണം തനിക്കും കുഞ്ഞിനും അപകടകരമാണെന്ന് ഗായിക തുറന്നു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആഗ്രഹമുണ്ടെങ്കിലും തന്റെ ശാരീരിക സ്ഥിതിവെച്ച് അതിനുകഴിയില്ലെന്ന് സെലീന ഗോമസ് പറഞ്ഞത്.
വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് സെലീന ഗോമസ് തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് പറഞ്ഞത്. ഒരിക്കലും പറയാത്ത കാര്യമാണിതെന്ന് പറഞ്ഞുകൊണ്ടാണ് സെലീന ഗോമസ് തന്റെ അമ്മയാകാനുള്ള ആഗ്രഹത്തിന് തടസമാവുന്ന ആരോഗ്യസ്ഥിതിയേക്കുറിച്ച് മനസുതുറന്നത്. തന്റെ സ്വന്തം കുഞ്ഞിനെ ഗർഭം ധരിക്കാനാവില്ലെന്ന് സെലീന പറഞ്ഞു. അമ്മയാകണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല. ഗർഭം ധരിച്ചാൽ തന്റെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു.
“എന്നെപ്പോലെ ഗർഭധാരണത്തിൽ പ്രശ്നങ്ങളുള്ളവർക്ക് പല മാർഗങ്ങൾ സ്വീകരിക്കാമല്ലോ. വാടകഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയ സാധ്യതകളെക്കുറിച്ചു ഞാൻ ആലോചിക്കുകയാണ്. ആ മാർഗം എങ്ങനെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക എന്നതിനെക്കുറിച്ചോർത്ത് അതിയായ ആവേശവും ആകാംക്ഷയും തോന്നുന്നു. എന്നെപ്പോലെ അമ്മയാകാൻ കൊതിക്കുന്ന എത്ര സ്ത്രീകളുണ്ടാകും. വാടകഗർഭപാത്രത്തിലൂടെ ഞാൻ അമ്മയായാൽ ജനിക്കാൻ പോകുന്ന കുഞ്ഞ് എന്റേതു തന്നെയായിരിക്കുമല്ലോ.” സെലീന ഗോമസ് പറഞ്ഞു.
2015-ലാണ് സെലീന ഗോമസിന് ലൂപസ് രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന രോഗമാണിത്. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ് അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ ലൂപസ്. ഈ രോഗാവസ്ഥ ഗർഭാവസ്ഥയെ സങ്കീർണമാക്കും. രക്തസമ്മർദം ഉയരാനും മറ്റു ശാരീരിക വിഷമതകൾ ഉണ്ടാകാനും ഇടയാക്കുകയുംചെയ്യും.
മാസങ്ങളോളം മരുന്നുകൾ കഴിച്ചെങ്കിലും രോഗം സെലീനയുടെ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കി. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു ശാശ്വതമായ പരിഹാരം. ഉറ്റ സുഹൃത്ത് ഫ്രാൻസിയ റെയ്സ വൃക്ക ദാനം ചെയ്യാൻ തയ്യാറായതോടെ 2017ൽ ശസ്ത്രക്രിയ നടത്തി. വൃക്ക മാറ്റിവയ്ക്കലിനു വിധേയയായ കാര്യം സെലീന തന്നെയാണ് ലോകത്തോടു വിളിച്ചു പറഞ്ഞത്. ഇപ്പോഴാണ് ഇതുവരെ പറയാത്ത വിവിധങ്ങളായ ശാരീരിക വിഷമതകൾ തനിക്കുണ്ടെന്നു അവർ തുറന്നു പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]