
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യയിലെ ഐടി ഡെസ്റ്റിനേഷനായി കൊച്ചി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഐടി മേഖലയിലെ സമീപകാല വളർച്ചയും പുതിയ അടിസ്ഥാന സൗകര്യ സംരംഭങ്ങളും കൊച്ചിയെ രാജ്യത്തെ സാങ്കേതിക ഹോട്ട്സ്പോട്ടുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലിരുന്ന് ഇൻഫോപാർക്ക് തിരയുന്നവർ അവസാനമെത്തുന്നത് തൃപ്പൂണിത്തുറ സ്റ്റേഷനിലാണ്. കൊച്ചിൻ റിഫൈനെറിയും നിരവധി വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിലെ വളരെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണെന്നിരിക്കെ കടുത്ത അവഗണനയുടെ വക്കിലാണ് ഇന്ന് തൃപ്പൂണിത്തുറ. ഇരട്ട പാതയോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത 16309/10 മെമുവിന് പോലും ഇവിടെ സ്റ്റോപ്പ് നിഷേധിച്ചതോടെ യാത്രക്കാർ കടുത്ത നിരാശയിലാണ്. വടക്കൻകേരളത്തിൽ നിന്നും എറണാകുളം ജംഗ്ഷനിൽ എത്തുന്നവർക്ക് 16309 മെമുവിന്റെ സമയം ഏറെ അനുകൂലമായിരുന്നു. അതുപോലെ മടക്കയാത്രയിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് സഞ്ചരിക്കാൻ 16310 മെമുവിന് സ്റ്റോപ്പ് ഇവിടെ അനിവാര്യമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി മൂവായരത്തിലധികം യാത്രക്കാർ ജോലിയ്ക്കും മറ്റു ആവശ്യങ്ങൾക്കുമായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട്, അമ്പലമുകൾ ഭാഗങ്ങളിൽ താമസമാക്കുകയും വെള്ളിയാഴ്ചകളിൽ മടങ്ങുകയുമാണ് പതിവ്. എന്നാൽ ഒട്ടുമിക്ക തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ ഗതാഗതക്കുരുക്കുകൾ താണ്ടി എറണാകുളം ജംഗ്ഷനിൽ എത്തേണ്ട അവസ്ഥയാണുള്ളത്.
ഐലൻഡ് പ്ലാറ്റ് ഫോമുകളുടെ ആഭാവത്തിൽ ലൂപ്പ് ലൈനിൽ കയറിയിറങ്ങുന്നതിനാൽ അഞ്ചുമിനിറ്റിലധികം താമസമെടുക്കുന്നതും സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നു. സ്റ്റേഷനിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങളോ കാത്തിരിപ്പ് കേന്ദ്രങ്ങളോ ഇല്ല. മിക്ക ഹാൾട്ട് സ്റ്റേഷനുകളും റെയിൽവേ ടൈലുകൾ പാകി നവീകരിച്ചപ്പോൾ പേരിന് പോലും വികസനം നടക്കാത്ത ഏക സ്റ്റേഷനായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ.
ഇത്രയധികം ആവശ്യക്കാർ ഇവിടെ നിന്നും ഉണ്ടെന്നിരിക്കെ എൽ.ഇ. ഡി ഡിസ്പ്ലേകളോ, ആവശ്യത്തിന് ശുചിമുറികളോ ഇവിടെയില്ല. യാത്രക്കാർക്കുള്ള പ്രതീക്ഷാലയം കോവിഡിന് ശേഷം തുറന്നുകൊടുക്കാത്തതിലുള്ള പ്രതിഷേധവും യാത്രക്കാരിലുണ്ട്.
മഴ പെയ്താൽ ചെളിക്കുണ്ടായി മാറുന്ന പാർക്കിംഗ് ഏരിയയിൽ റൂഫുകളില്ലെന്നും തീരെ സുരക്ഷിതമല്ലെന്നും യാത്രക്കാർ ആരോപിക്കുന്നു . സ്ഥലപരിമിതി മൂലം വഴിയുടെ ഒരു ഭാഗം പാർക്കിംഗ് കയ്യേറിയിരിക്കുകയാണ്. കാൽനടക്കാർ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്.
സ്വന്തം ഉത്തരവാദിത്തത്തിൽ യാതൊരു സുരക്ഷയുമില്ലാതെ പണം അടച്ചു പാർക്ക് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്റ്റേഷന്റെ പരിസരപ്രദേശങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടെ കൂടുതൽ യാത്രക്കാർ സ്റ്റേഷനിലേയ്ക്ക് എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലിഫ്റ്റൊ മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ മുതിർന്ന പൗരൻമാരും അംഗ പരിമിതരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഐലൻഡ് പ്ലാറ്റ് ഫോമുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്റ്റേഷൻ വികസനം സാധ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്രീ പെയ്ഡ് ഓട്ടോ ടാക്സി സ്റ്റാൻഡുകളും കെ.എസ് ആർ.ടി.സി യുമായി സഹകരിച്ച് ഫീഡർ സർവീസുകളും ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളുടെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യവും ശക്തം.
The post “വികസനം അറിയാതെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി മൂവായരത്തിലധികം യാത്രക്കാർ എത്തുന്ന ഇവിടം അവഗണനയുടെ വക്കിൽ ; അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഐലൻഡ് പ്ലാറ്റ് ഫോമുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്റ്റേഷൻ വികസനം സാധ്യമാക്കണ യാത്രക്കാരുടെ ആവശ്യം ശക്തം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]