കൊച്ചി: സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനം. പൊലീസിന്റെ പ്രവർത്തനം ശരിയല്ലെന്നും പൊതുജന മധ്യത്തിൽ സംസ്ഥാന സർക്കാരിന് മാനക്കേടുണ്ടാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. തൃശൂർ പൂരം അലങ്കോലമാക്കിയതില്‍ അടക്കം എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് യുവജന സംഘടന ആവശ്യപ്പെടുന്നത്. നാളെ കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാനാണ് എഐവൈഎഫിന്റെ തീരുമാനം.
എം ആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം ഏറുകയാണ്. ആർഎസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിൻ്റെ കൂടിക്കാഴ്ച വ്യക്തമാക്കണമെന്ന ആവശ്യം എൽഡിഎഫ് കൺവീനറും കടുപ്പിച്ചു. നടപടി വേണമെന്ന നിലപാടിലാണ് സിപിഐ ദേശീയ നേതൃത്വവും. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെയെയും റാം മാധവവിനെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി കണ്ടതിൽ കടുത്ത അതൃപ്തിയാണ് സിപിഎമ്മിലും എൽഡിഎഫിലും. സ്വകാര്യ സന്ദർശനമെന്ന അജിത് കുമാറിൻ്റെ വിശദീകരണം ഇടത് നേതാക്കൾ വിശ്വസിക്കുന്നില്ല. ദുർബ്ബലമായ വിശദീകരണം നൽകിയിട്ടും കൂടിക്കാഴ്ചയുട ദുരൂഹത തുടരുമ്പോഴും അജിത് കുമാറിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിയിലേക്കും ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള സംശയങ്ങളും വിമർശനമുനയും നീളുന്നു.
അജിത് കുമാറിനെതിരായ പി വി അൻവറിന്റെ പരാതിയിൽ അന്വേഷണ സമയം ഒരു മാസമാണ്. അത് വരെ അജിത് കുമാറിനുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണം ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തില്‍ സിപിഐ കേന്ദ്ര നേതൃത്വവും നിലപാട് കടുപ്പിച്ചു. അജിത് കുമാറിനെ മാറ്റണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]