ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേഡ്കര് നേരിട്ടതിനെ തുടര്‍ന്നാണ് ഒടുവിൽ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസിൽ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്. പൂജ ഹാജാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തിയത്.
ചട്ടം മറികടന്നുകൊണ്ട് സിവിൽ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന നേരത്തെ യുപിഎസ്സി പൂജയെ അയോഗ്യയാക്കികൊണ്ട് നടപടിയെടുത്തിരുന്നു. കമീഷന്റെ പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പൂജയുടെ ഐഎഎസ് പ്രൊവിൽണല്‍ കാന്‍ഡിഡേറ്റര്‍ റദ്ദാക്കികൊണ്ടാണ് കഴിഞ്ഞമാസം യുപിഎസ്സി ഉത്തരവിറക്കിയത്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഐഎഎസിൽ നിന്ന് പുറത്താക്കികൊണ്ട് നടപടിയെടുത്തത്.
പൂജ ഖേഡ്കർ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവിൽ ഐഎഎസ് സ്ക്രീനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി യുപിഎസ്സി പാനല്‍ അറിയിച്ചിരുന്നു.
പുനെയിലെ സബ്കളക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. തുടർന്ന് മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ പൂജയെ തിരിച്ചുവിളിച്ചു.
ട്രെയിനിംഗ് നിർത്തി തിരികെ എത്താനായിരുന്നു നിർദ്ദേശം. ജൂലൈ 16ന് സംസ്ഥാന സർക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അർഹമായതിലും കൂടുതൽ തവണ ഇവർ യുപിഎസ്സി പരീക്ഷ എഴുതിയത്.
യുപിഎസ്സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.
പൊതുജനത്തിന്റെ പണവും സമയവും കളയരുത്; സിനിമ കോണ്‍ക്ലേവ് നടത്തുന്നതിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]