കോഴിക്കോട്: കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും സംഘത്തിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
മാമിയെ കാണാതായത് ഓഗസ്റ്റ് 21 ന്
ബാലുശേരി എരമംഗലം സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് കോഴിക്കോട്ട് നിന്ന് കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസ് കേസ് എടുത്ത് ഉടനടി അന്വേഷണം തുടങ്ങി. സുഹൃത്തുക്കളില്‍ നിന്നും ബിസിനസ് പങ്കാളികളില്‍ നിന്നും മൊഴി എടുത്തു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. നടക്കാവ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നതോടെ കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറിയില്ല. പൊലീസീൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസിൽ ഇപ്പോഴിതാ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതോടെ മാമിയെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഏവരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]