
കാലിഫോർണിയ: എകെ 47 അടക്കമുള്ള തോക്കുകൾ ഉപയോഗിച്ച് തുരുതുരാ വെടിയുതിർത്ത് 39കാരൻ. മൂന്ന് മണിക്കൂറിൽ കൊന്ന് തള്ളിയത് 81 ജീവനുകൾ. അറസ്റ്റിലായ യുവാവിന്റെ മാനസിക നില പരിശോധിക്കാൻ പൊലീസ്. വടക്കൻ കാലിഫോർണിയയിലാണ് അയൽവാസിയുടെ ഫാമിലേക്ക് യുവാവ് അതിക്രമിച്ച് കയറി കുതിരകൾ, ആടുകൾ, കാലികൾ, കോഴികൾ, താറാവുകൾ അടക്കം 81 മൃഗങ്ങളെ വെടിവച്ച് കൊന്നത്.
വിൻസെന്റ് ആരോയോ എന്ന 39കാരനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുകളിലാക്കിയ മൃഗങ്ങളെയാണ് ഇയാൾ ആക്രമിച്ചത്. വടക്കൻ കാലിഫോർണിയയിലെ പ്രൂൺഡേലിലായിരുന്നു ഇയാളുടെ അതിക്രമം. സമീപ വാസികളുടെ അടക്കം വളർത്തുമൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഫാമാണ് അക്രമണത്തിന് ഇരയായത്. 14 ആടുകൾ, 9 കോഴികൾ, 7 താറാവുകൾ, 5 മുയലുകൾ, ഗിനി പന്നികൾ, 33 പക്ഷികൾ, മൂന്ന് പശുക്കൾ അടക്കമുള്ളവയെ ആണ് ഇയാൾ വെടിവച്ച് വീഴത്തിയത്. മണിക്കൂറുകൾ നീണ്ട വെടിവയ്പിന് ശേഷം ചില മൃഗങ്ങൾ ഗുരുതരമായ പരിക്കുകളോടെ ആക്രമണം അതിജീവിച്ചതായാണ് ഉടമസ്ഥർ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാൽ ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഫാമിൽ നിന്ന് വെടിയൊച്ച കേട്ടതിന് പിന്നാലെ പുലർച്ചെ മൂന്ന് മണിയോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ വാഹനത്തിൽ നിന്നു ഇയാളുടെ വീട്ടിൽ നിന്നും നിരവധി ആയുധങ്ങളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 8 തോക്കുകളാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതിൽ ലോഗ് റൈഫിളുകളും ഷോട്ട്ഗണും ഹാൻഡ് ഗണും ഉൾപ്പെടുന്നുണ്ട്. അനധികൃതമായ എകെ 47 നും വെടിവയ്പിന് ഉപയോഗിച്ചിരുന്നു. 2000ലേറെ റൌണ്ടാണ് ഇയാൾ ഫാമിൽ വെടിയുതിർത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ചതിനും അക്രമത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും ഭീഷണി മുഴക്കിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]