
സംഗീത സംവിധായകനായും നടനായും ഗായകനായുമെല്ലാം പ്രേക്ഷക പ്രീതി നേടിയ തമിഴ് നടനാണ് പ്രേംജി അമരൻ. ഗാനരചയിതാവ് ഗംഗൈ അമരന്റെ മകനും സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ സഹോദരനുമാണ് അദ്ദേഹം. വെങ്കട്ട് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേംജി തമിഴ് സിനിമാലോകത്ത് പ്രസിദ്ധനായതും. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന സിനിമാ ലോകവും രാഷ്ട്രീയ ലോകവും ഒരുപോലെ ചർച്ച ചെയ്യുകയാണ്.
വിജയ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്നാണ് പ്രേംജി പറഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “2026-ലെ തിരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും. 2026-ൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് ഞാനുറപ്പുനൽകുന്നു. കാത്തിരുന്ന് കാണാം”. പ്രേംജി പറഞ്ഞു.
അജിത്താണോ വിജയ് ആണോ ഇഷ്ടതാരമെന്ന് ചോദിച്ചപ്പോൾ ഇവർ രണ്ടുപേരുമല്ല രജനികാന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രജനികാന്താണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ. അജിത്തിനേയും വിജയിനേയും ഇഷ്ടമാണ്. അതിലൊരു സംശയവുമില്ല. പക്ഷേ സൂപ്പർസ്റ്റാർ എല്ലാവർക്കും മുകളിലാണെന്നും പ്രേംജി പറഞ്ഞു. താരത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്കായി ഈണമിട്ടു. വിജയ് നായകനാവുന്ന ഗോട്ട് ആണ് പ്രേംജിയുടേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]