തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ വ്യാജമെന്ന് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉയർന്ന പീഡനാരോപണങ്ങൾ തന്നെയും തകർത്തു. ഇനിയുള്ള കാര്യങ്ങൾ നിയമ വിദഗ്ധർ തീരുമാനിക്കും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നും ജയസൂര്യ പറയുന്നു.
2008, 2013 വർഷങ്ങളിൽ സിനിമാ സെറ്റിൽവെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാൾ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങൾ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കുനേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിവസം ഏറ്റവും ദുഃഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം.’ ജയസൂര്യ കുറിച്ചു.
2008-ല്‍ ബാലചന്ദ്ര മേനോന് സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]