ഇലകൊഴിയും കാലത്തിൻറെ വരവറിയിച്ചുകൊണ്ടുള്ള കാറ്റും നേർത്തമഴയും കാനഡയിൽ വന്നുതുടങ്ങുന്ന ഓഗസ്റ്റ് അവസാനവാരം. വേനൽ അവസാനിക്കുകയാണ്. ഒരാഴ്ച കൂടി കടിഞ്ഞാൽ കനേഡിയൻ ‘ഉത്സവങ്ങളുടെ ഉത്സവ’മായി. 11 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ടൊറൻ്റോരാജ്യാന്തര ചലച്ചിതോത്സവം – 2024 സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുകയായി. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ് ഇതിനായി തയ്യാറെടുത്തു നിൽക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങൾക്കൊപ്പം രണ്ടു ഡസൻ ഹ്രസ്വചിത്രങ്ങളും പ്രദർശനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിക്ക ചിത്രങ്ങളും അടുത്തവർഷത്തെ ഓസ്ക്കർ നോമിനേഷനുകളിൽ എത്താറുണ്ടെന്നുള്ളത് ടൊറൻ്റോമേളയുടെ ഖ്യാതി വർദ്ധിപ്പിക്കുന്നുണ്ട്. പ്രശസ്ത സംവിധായകരും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഉൾപ്പെടുന്ന അഭിമുഖങ്ങളും, നിർമ്മാണ വിതരണ ശൃംഖല ശക്തിപ്പെടുത്താനുപകരിക്കുന്ന ചലച്ചിത്രവിപണിയും ഈ മേളയുടെ പ്രധാന ആകർഷണങ്ങളിൽപ്പെടുന്നു.
ഇക്കുറിയും തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം മേളയിൽ പ്രകടമായിട്ടുണ്ട്. ഇന്ത്യൻ പ്രാതിനിധ്യമുള്ള ആറ് ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്. അതിലെ പ്രധാന നാലുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് വനിതകളാണെന്നുള്ളത് ശ്രദ്ധേയമാണ്. കാൻ ഫെസ്റ്റിവലിൽ ഗ്രാൻറ് പ്രീ നേടിയ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ (സംവിധായിക : പായൽ കപാഡിയ), ‘സൂപ്പർ ബോയ്സ് ഒഫ് മലേഗാവ്’ (സംവിധായിക : റീമ കാഗ്തി), ‘ബൂങ്’ (സംവിധായിക : ലക്ഷ്മിപ്രിയ ദേവി), ‘സന്തോഷ്’ (സംവിധായിക : സന്ധ്യ സൂരി) എന്നീ ചിത്രങ്ങളോടൊപ്പം ശ്രീനിവാസ് കൃഷ്ണൻറെ 1991 ലെ ചിത്രമായ ‘മസാല’ (കനേഡിയൻ ക്ലാസ്സിക്ക്) യും, രാജ് കപൂറിൻറെ 1951 ലെ ‘ആവാരാ’ (TIFF Classic) യും ആണ് അവ.
പായൽ കപാഡിയയുടെ മുൻ ചിത്രമായ A Night of Knowing Nothing, 2021 ൽ ഇവിടെ മികച്ച വാർത്താചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രമായ All We Imagine As Light തിരക്കുപിടിച്ച നഗരജീവിതങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ടു മലയാളി നഴ്സുമാരുടെ ജീവിതം പറയുന്ന കഥയിൽ മഹാരാഷ്ട്രയിലെ രത്നഗിരി കൂടി പശ്ചാത്തലമായി വരുന്നുണ്ട്. വ്യക്തിജീവിതത്തിലെ വിഷമതകളോടൊപ്പം അവർക്ക് നേരിടേണ്ടിവരുന്നത് ആണധികാരത്തിൻറെ പിന്തുടർച്ചയിലുള്ള നാട്ടിലെ പ്രശ്നങ്ങൾ കൂടിയാണ്. കഥ നടക്കുന്നത് മുംബൈ നഗരത്തിലാണെങ്കിലും മലയാള സംഭാഷണങ്ങൾ ഒട്ടേറെയുള്ള ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം മലയാളികൾ തന്നെയാണ്. കനികുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരോടൊപ്പം മറാഠി-ഹിന്ദി നടിയായ ഛായാ കദമും പ്രധാനവേഷങ്ങളിൽ വരുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സംവിധായികയുടെ ജീവിതപങ്കാളി കൂടിയായ രണബീർ ദാസാണ്. ഫ്രഞ്ച് -ഡച്ച് സഹകരണത്തോടെയാണ് ചിത്രം പൂർത്തിയായിരിക്കുന്നത്.
നമ്മുടെ തീവ്രമായ ആഗ്രഹങ്ങൾക്കൊപ്പം നല്ല സുഹൃത്തുക്കൾ കൂടിയുണ്ടെങ്കിൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെയുണ്ടാവും എന്ന പറച്ചിലിൻറെ സഫലീകരണം കൂടിയാണ്, റീമ കാഗ്തിയുടെ ‘സൂപ്പർ ബോയ്സ് ഒഫ് മലേഗാവ്’ എന്ന ചിത്രം തെളിയിക്കുന്നത്. ചെറുപ്പത്തിൻറെ തമാശകൾക്കപ്പുറം, എല്ലാ പ്രതിബന്ധങ്ങളേയും തള്ളിമാറ്റി, ഒരു സിനിമാസംവിധായകനാകുക എന്ന ലക്ഷ്യത്തിലെത്തിച്ചേർന്ന നാസിർ ഷെയ്ക്കെന്ന ചെറുപ്പക്കാരൻറെ കഥയാണിത്. മഹാരാഷ്ട്രയിലെ മലേഗാവിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിൻറെ കഥയ്ക്ക് ആധാരമായിട്ടുള്ളത്. വീഡിയോ ടെയ്പ്പുകൾ കൂട്ടിച്ചേർത്തും ആദ്യകാല അമേരിക്കൻ നിശ്ശബ്ദ ചിത്രങ്ങളുണ്ടാക്കിയ ജോസെഫ് ഫ്രാങ്ക് കീറ്റൺ എന്ന ബസ്റ്റെർ കീറ്റണിൻറെയും ബ്രൂസ്ലിയുടേയും ചിത്രക്കഷണങ്ങൾ പ്രദർശിപ്പിച്ചു സമയം കളഞ്ഞു നടന്ന നാസിർ ഷെയ്ക്ക് അവസാനം പഴയ ‘ഷോലെ’ സിനിമയുടെ ഒരു പാരഡി ചിത്രമായി ‘മലേഗാവ് കെ ഷോലെ’ നിർമ്മിച്ച് ഗ്രാമത്തിലെ നായകനായി മാറുന്നതാണ് കഥ. ചിത്രത്തിൻറെ തിരക്കഥയെഴുതുന്നതിൽ സംവിധായികയ്ക്കൊപ്പം ചേന്നിരിക്കുന്നത് വരുൺ ഗ്രോവർ ആണ്. ആദർശ് ഗൗരവ്, ശശാങ്ക് അറോറ, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിടുന്നു ഈ ചിത്രത്തിൽ.
അസമിലെ തിൻസുഖിയ ജില്ലക്കാരിയായ റീമ കാഗ്തി മീര നയ്യാർ, ഫർഹാൻ അക്തർ, അശുതോഷ് ഗൊവാരികർ എന്നിവരുടെ മുൻചിത്രങ്ങളിലെ സഹസംവിധായികയായിരുന്നു. റീമ, സോയ അക്തറുമായി ചേർന്നുള്ള സംരംഭമായ ടൈഗർ ബേബി ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നവാഗതയായ മണിപ്പുരി സംവിധായികയായ ലക്ഷ്മിപ്രിയ ദേവിയുടെ ചിത്രമാണ് ‘ബൂങ്’ (Boong). ജീവിതത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത്, സ്വന്തം പിതാവിനെത്തേടി അതിർത്തികൾ കടന്നു യാത്ര ചെയ്യുന്ന ബൂങ് എന്ന ആൺകുട്ടിയുടെ കഥയാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന ചരിത്രപരമായ ഒട്ടേറെ പ്രശ്നങ്ങളും ഈ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. മരിച്ചുപോയെന്ന് കരുതിയിരുന്ന ജോയ് കുമാർ എന്ന അച്ഛനെത്തേടിയാണ് ബൂങും അവൻറെ രാജസ്ഥാനി കൂട്ടുകാരനായ രാജുവും യാത്ര ചെയ്യുന്നത്. അവസാനം, അമ്മ മന്ദാകിനിയുടെ മുമ്പിലേയ്ക്ക് അച്ഛനെ എത്തിച്ച് അത്ഭുതപ്പെടുത്തുന്ന കഥയിൽ പ്രധാന വേഷങ്ങളിടുന്നത് ബാല ഹിജാം, ഗുഗുൻ കിപ്ഗെൻ, ആൻഗോം സനമാതും എന്നിവരാണ്.
ഫർഹാൻ അക്തറിൻറേയും, രാജ്കുമാർ ഹിരാനിയുടേയും സഹസംവിധായികയായി പ്രവർത്തിച്ചിട്ടുള്ള ലക്ഷ്മിപ്രിയ ദേവിയുടെ ചിത്രത്തിൻറെ ആഗോള പ്രദർശനോദ്ഘാടനമാണ് ടൊറൻ്റോയിൽ നടക്കുന്നത്.
ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരിയും സംവിധായികയുമായ സന്ധ്യ സൂരിയുടെ ഹിന്ദിചിത്രമായ ‘സന്തോഷ്’ ടൊറൻ്റോമേളയിലെ വേറൊരു ഇന്ത്യൻ സാന്നിദ്ധ്യമാണ്. ആണധികാരകേന്ദ്രീകൃതമായ പോലീസ് സേനയിലേയ്ക്ക് കടന്നുവരുന്ന സന്തോഷ് എന്നു പേരുള്ള വനിതയുടെ വിജയങ്ങളുടെ കഥയാണിത്. ഷഹാന ഗോസ്വാമിയും സുനിത് രാജ്വറുമാണ് പ്രധാന അഭിനേതാക്കൾ. നിലവിലുള്ള അധാർമ്മികതകളെ വെല്ലുവിളിച്ചുകൊണ്ടു മുന്നേറുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങളിലാണിവർ ചിത്രങ്ങളിൽ വരുന്നത്.
ഇംഗ്ലണ്ടിലെ നാഷനൽ ഫിലിം ആൻറ് ടെലിവിഷൻ സ്കൂളിൽ നിന്നു പരിശീലനം നേടിയ സന്ധ്യ സൂരി ടൊറൻ്റോക്കാർക്ക് ഒട്ടും അപരിചിതയല്ല. 2018 ലെ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ദ ഫീൽഡ്’ സന്ധ്യയാണ് സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രത്തിൻറെ സാങ്കേതിക വിദഗ്ധരിൽ ഏറിയ പങ്കും വിദേശീയരാണ്.
ശ്രീനിവാസ് കൃഷ്ണയുടെ 1991 ലെ ചിത്രമായ ‘മസാല’ കനേഡിയൻ ക്ലാസ്സിക് ചിത്രങ്ങളുടെ പട്ടികയിൽ ഇത്തവണ ടൊടോൻറോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. തെക്കനേഷ്യൻ ജനതയുൾപ്പെടുന്ന സാംസ്ക്കാരികവൈവിധ്യം കഥാതന്തുവാകുന്ന ആദ്യകാല കനേഡിയൻ ചിത്രമാണ് ‘മസാല’. കഥാനായകനായ കൃഷ്ണയുടെ വേഷം സംവിധായകൻ തന്നെയാണ് ചെയ്തിരിക്കുന്നത്. കൃഷ്ണയുടെ മാതാപിതാക്കൾ 1985 ലെ എയർ ഇന്ത്യ ബോംബ് സ്ഫോടനത്തിൽ മരിക്കുന്നതോടെ അയാൾ വിഷാദരോഗത്തിനും ലഹരിമരുന്നുകൾക്കും അടിപ്പെടുന്നു. ബന്ധുമിത്രാദികൾക്കിടയിൽ താളം തെറ്റിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിക്കേണ്ടിവരുന്ന നായകൻറെ ഭ്രമാത്മകകഥ ബോളിവുഡ് നിറപ്പകിട്ടോടെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ സംവിധായകനൊപ്പം അഭിനയിച്ചിരിക്കുന്നത് പ്രശസ്ത അഭിനേതാക്കളായ സയ്യദ് ജാഫ്രി, സക്കീന ജാഫ്രി, സൊഹ്റ സെഹ്ഗൽ എന്നിവരാണ്.
ശ്രീനിവാസ് കൃഷ്ണ കാനഡയിൽ താമസിക്കുന്ന ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് കൂടിയാണ്. ചിത്രം 1991 ൽ സാമുവേൽസൺ പുരസ്ക്കാരം (ബെർമിങ്ഹാം) കരസ്ഥമാക്കിയിട്ടുണ്ട്.
രാജ് കപൂറിൻറെ 1951 ലെ പ്രശസ്ത ചിത്രം ‘ആവാരാ’ TIFF Classic Category യിൽ ഇക്കുറി പ്രദർശിപ്പിക്കുന്നത് മഹാനായ ആ ഇന്ത്യൻ ചലച്ചിത്രകാരൻറെ ജന്മശതാബ്ദിക്കൊരു തിലകക്കുറി ആയിട്ടാണ്. ഇന്ത്യൻ സിനിമയിലെ ഈ അതികായൻറെ ലോകപ്രശസ്തിയാർജ്ജിച്ച ചിത്രമാണ് ‘ആവാരാ’. 4K യിൽ വീണ്ടെടുത്ത ചിത്രമാണിത്. 1953 ൽ ഈ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയിരുന്നു.
TIFF കാനഡക്കാർക്ക് വെറുമൊരു ചലച്ചിത്രമേള മാത്രമല്ല. വർഷം മുഴുവൻ അഞ്ചു തീയേറ്ററുകളിലായി ചലച്ചിത്രപ്രദർശനങ്ങൾ നടക്കുന്നതോടൊപ്പം ചലച്ചിത്രവിദ്യാർത്ഥികൾക്കും കുട്ടികൾക്കുമെല്ലാം ഉപകാരപ്പെടുന്ന വിവിധ ചലച്ചിത്രപ്രവർത്തനങ്ങൾ നടക്കുന്നൊരിടം കൂടിയാണ്. അതുകൊണ്ടുതന്നെ രാജ്യാന്തരചലച്ചിത്രമേളക്കാലം (സെപ്റ്റംബർ 5 മുതൽ 15 വരെ) നഗരകേന്ദ്രം വർണ്ണശബളാഭമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]