
ഇരിങ്ങാലക്കുട നെടുമ്പാൾ മൂത്തേടത്ത് പീതാംബരന്റെ മകൻ വാസുദേവൻ എന്ന പി. വാസു മലയാളിയാണെന്നറിയുന്നവർ ചുരുക്കം. ചിന്നതമ്പി, മന്നൻ, പണക്കാരൻ, ഉഴൈപാളി, കുസേലൻ, വാൾട്ടർ വെറ്റിവേൽ, സേതുപതി ഐ.പി.എസ്., നടികർ, റിക്ഷാമാമ, നാഗവല്ലി, ലൗ ബേർഡ്സ്, പുലിവേഷം, വാദ്യാർവീട്ടുപിള്ളെ, തൊട്ടാൽ പൂ മലരും, സ്വയംവരം, ശിവലിംഗ, മലബാർ പോലീസ്… ഹിറ്റുകളുടെ നീണ്ട ലിസ്റ്റുണ്ട് വാസുവിന്റെപേരിൽ. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംവിധായകൻ. തമിഴ്, കന്നഡ, തെലുഗ് ഭാഷകളിലായി 40 വർഷങ്ങൾക്കിടയിൽ 65 ചിത്രങ്ങൾ. പനിനീർ പുഷ്പങ്ങളിൽ തുടങ്ങി ആപ്തമിത്ര, കുസേലൻ… ചന്ദ്രമുഖി-2ൽ എത്തിനിൽക്കുന്നു ആ ജൈത്രയാത്ര. ഇതിൽ മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ്പതിപ്പായ ചന്ദ്രമുഖി തമിഴ്നാട്ടിലെ ഒരു തിയേറ്ററിൽ ഓടിയത് തുടർച്ചയായി ആയിരം ദിവസം…
മലയാളിയായ വാസു തമിഴ്നാട്ടുകാരനായി, തമിഴ് സിനിമാരംഗത്ത് അറിയപ്പെടുന്നു. എങ്ങനെ
അച്ഛൻ പീതാംബരൻ 35 വർഷക്കാലം എം.ജി.ആറിന്റെയും ജയലളിതയുടെയും മേക്കപ്പ്മാനായിരുന്നു. അതിനാൽ തമിഴ്നാട്ടിലായിരുന്നു താമസവും പഠനവും. സ്കൂൾക്കാലത്ത് ആഴ്ചയിൽ രണ്ടു പടംവീതം കാണും. സ്കൂളിൽ പോകാൻ ബസ് കൂലിക്കുനൽകുന്ന കാശ് സൂക്ഷിച്ചാണ് സിനിമകാണാനുള്ള പണം കണ്ടെത്തിയത്. ബസിനു പോകാതെ നടന്ന് സ്കൂളിൽ പോകും. ആ കാശ് ആഴ്ചയുടെ അവസാനം തിയേറ്ററുകാർക്കുനൽകും. ഭീംസിങ്, രാമണ്ണ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രശസ്ത സംവിധായകർ. എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും പടങ്ങളാണ് കൂടുതലായും കണ്ടത്. അടിമപ്പെണ്ണുപോലെയുള്ള ചിത്രം ഒട്ടേറെത്തവണ കണ്ടു. അച്ഛന്റെ ആഗ്രഹം എന്നെ പഠിപ്പിച്ച് ഡോക്ടറോ എൻജിനിയറോ ആക്കുക എന്നതായിരുന്നു. എന്നാൽ, എന്റെ ആഗ്രഹം നടനാവുക എന്നതായിരുന്നു.
തമിഴിൽ ഏറ്റവും കുറവ് മാർക്കുലഭിച്ച വ്യക്തി. തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകൻ. തമിഴിൽത്തന്നെ എഴുതിയ തിരക്കഥകൾ അൻപതോളം. ഇതെങ്ങനെ
എന്റെ കൂട്ടുകാർ ഇപ്പോഴും എന്നോടു ചോദിക്കുന്ന ചോദ്യമാണിത്. ‘എടേ വാസൂ ഇത് നീതന്നെ എഴുതുന്നതാണോ അതോ വല്ലവരേംകൊണ്ട് എഴുതിക്കുന്നതാണോ’ എന്ന്. എനിക്കൊരു വലിയ ഗുണമുണ്ടായിരുന്നു, ഒരു സിനിമകണ്ടാൽ അതിന്റെ ഒരു സീൻപോലും മറക്കാതെ അതിന്റെ എല്ലാ ഭാവങ്ങളോടുംകൂടി കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. ഇതിനുവേണ്ടി രാവിലെ എട്ടുമണിക്കുതന്നെ സ്കൂളിൽവരും. രാവിലെ കഥതീർന്നില്ലെങ്കിൽ ബാക്കി ഉച്ചനേരത്തെ ഇടവേളയിൽ പറയും. അപ്പോൾ കൂട്ടുകാർ പറയും നീ ഒരു നടനാകാൻ നോക്കാൻ. അങ്ങനെയാണ് നടനാകുക എന്ന മോഹം തുടങ്ങിയത്. എന്നാൽ, മകൻ നടനാകുന്നതിനോട് അച്ഛന് യോജിപ്പുണ്ടായിരുന്നില്ല.
പിന്നെയെങ്ങനെ എത്തി
അച്ഛന്റെ അനുജൻ എം. ചന്ദ്രശേഖരനെന്ന എം.ജി. ശേഖർ അക്കാലത്തെ മികച്ച ക്യാമറാമാനായിരുന്നു. പ്രേംനസീറിന്റെ മേക്കപ്പ്മാനും പിന്നീട് എം.എൻ. നമ്പ്യാരുടെ മേക്കപ്പ്മാനുമായിരുന്ന കെ. രാമൻ അമ്മാവനായിരുന്നു. ഇദ്ദേഹത്തിന്റെ മകളാണ് എന്റെ ഭാര്യ ശാന്തി. സിനിമയോടുള്ള കമ്പം കാരണം പ്രീഡിഗ്രിയോടെ പഠനം നിർത്തി. അച്ഛൻ വീട്ടിൽക്കൊണ്ടുവരുന്ന വിഗ്ഗുകൾവെച്ച് അഭിനയിച്ചുനോക്കി. അമ്മയുടെ സാരി വെട്ടിയായിരുന്നു ലോലമായ ഉടുപ്പുകൾ തയ്ച്ചത്. അത്തരം ഉടുപ്പുകൾ അന്നത്തെ ഫാഷനായിരുന്നു. പിന്നീട് അച്ഛനറിയാതെ സ്റ്റുഡിയോയിൽപ്പോയി സ്വന്തം ചിത്രമെടുത്ത് സംവിധായകൻ ബാലചന്ദ്രനെ കാണാൻപോയി. പിന്നെ അറിയിക്കാം എന്നായിരുന്നു മറുപടി. തുടർന്ന് നടനാകാനുള്ള ആഗ്രഹം അച്ഛനെ അറിയിച്ചു. അച്ഛൻ അത് അന്നത്തെ പ്രശസ്ത സംവിധായകൻ ശ്രീധറിനോടു പറഞ്ഞു. പിന്നെപ്പറയാം എന്നായിരുന്നു മറുപടി. ഈ സമയം ഐ.വി. ശശി അന്തർദാഹം എന്ന ചിത്രം തമിഴിൽ ചെയ്യാൻ തുടങ്ങിയിരുന്നു. അതിന്റെ നിർമാണം അച്ഛനായിരുന്നു. പന്ത്രണ്ടുദിവസത്തെ ഷൂട്ടിങ്കൊണ്ട് പടം തീർന്നു. ഇത്രയധികം വേഗത്തിൽ ചിത്രം തീർക്കുന്ന മറ്റൊരു സംവിധായകനെ കാണാൻ കഴിയില്ല, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ജോലിചെയ്തു.
സംവിധാനരംഗത്തേക്കുള്ള വരവ് അങ്ങനെയായിരുന്നോ
അല്ല. മീനവൻ അൻപൻ എന്ന ചിത്രം എം.ജി.ആറിനെ നായകനാക്കി ശ്രീധർസാർ ചെയ്യാൻ തീരുമാനിച്ചു. അതിന്റെ സഹായിയായി കൂടെക്കൂടി. അവിടെ ഞാൻ പുതിയത് പഠിക്കുകയായിരുന്നു. ഒരു നടൻ എങ്ങനെ അഭിനയിക്കണം, പാട്ട് എവിടൊക്കെ ആവാം, മേക്കപ്പ് എങ്ങനെയായിരിക്കണം. ശ്രീധർ എന്ന സംവിധായകന്റെ വൈഭവം ഞാൻ അടുത്തുകണ്ടു. ഒരു സംവിധായകൻ നടനും നിർമാതാവും സംഗീതസംവിധായകനും മേക്കപ്പ്മാനും എല്ലാം ആകുന്നത് ഞാൻ കണ്ടു. തിരശ്ശീലയ്ക്കു മുന്നിൽവരാതെ തിരശ്ശീലയ്ക്കു പിന്നിൽനിൽക്കുന്ന സകലകലാ വല്ലഭനാകണം സംവിധായകനെന്ന് ഞാൻ അറിഞ്ഞു. അവിടെ എന്റെവഴി ഞാൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് രണ്ടു പടങ്ങൾക്കുകൂടി ശ്രീധറിന്റെ സഹായിയായി.
സ്വതന്ത്രസംവിധാനരംഗത്തേക്ക് എത്തിയത് എപ്പോഴാണ്
അന്ന് ശ്രീധർസാറിന്റെതന്നെ കൂടെയുണ്ടായിരുന്ന ഭാരതിയും ഞാനുംകൂടി ഒരു പടം സംവിധാനംചെയ്യാൻ തീരുമാനിച്ചു. ഞങ്ങളുടെ സംയുക്തസംരംഭം എന്നനിലയിൽ പനിനീർ പുഷ്പങ്ങൾ എന്ന ചിത്രം 1981-ൽ പുറത്തുവന്നു. അന്ന് എനിക്ക് പ്രായം 25. ശാന്തികൃഷ്ണ അതിലൂടെ ആദ്യമായി ചലച്ചിത്രലോകത്തെത്തി. ശാന്തിക്കന്ന് വയസ്സ് 14. സുരേഷ് കൃഷ്ണയായിരുന്നു നായകൻ. പടം ഹിറ്റായി. ആദ്യപടത്തിന്റെ വിജയംമൂലം അഞ്ചു പടംകൂടി ലഭിച്ചു. ഭാനുപ്രിയയെ പരിചയപ്പെടുത്തിയ മെല്ലെപേശുങ്കൾ, സുഹാസിനിയും പ്രതാപ് പോത്തനും അഭിനയിച്ച ചിത്രം എന്നിവ ആദ്യം പുറത്തുവന്നു. രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു. തുടർന്ന് മൂന്നുചിത്രങ്ങൾ നിർമിക്കാനിരുന്നവർ പിന്മാറി. ഈ സമയം 1982 മേയിൽ അമ്മാവന്റെ മകൾ ശാന്തിയെ വിവാഹംചെയ്തു. ജീവിക്കാൻ ആകെ ആശ്രയം അച്ഛൻ മാത്രം. ഭാരതിയുമായി പിരിഞ്ഞു. 1982 മുതൽ 85 വരെ തട്ടിയും മുട്ടിയും കഴിഞ്ഞു. 1986-ൽ വിഷ്ണുവർധനനെ നായകനാക്കി തെലുങ്കിൽ കഥാനായിക എന്ന ചിത്രം ചെയ്തു. സാമാന്യവിജയംമാത്രം. പടങ്ങൾ ഇല്ലാതിരുന്ന നാലുവർഷം എന്തുചെയ്യുമെന്ന് ആലോചിച്ചിരുന്നു. എന്നാലും തന്റെ വഴിയിൽനിന്ന് പിന്നോട്ടില്ല എന്നുറപ്പിച്ചു. അങ്ങനെ 1987-ൽ പ്രഭുവിനെ നായകനാക്കി എൻ തങ്കച്ചി പഠിച്ചവൾ എന്ന പടം ചെയ്തു. തമിഴിൽ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. പിന്നെ നാളിതുവരെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടർന്ന് പ്രഭുവിന്റെതന്നെ മുതൽ മാമൻ. അതും സൂപ്പർ ഹിറ്റ്.
കോടികൾ മുടക്കി ചെയ്യുന്ന സിനിമകളുടെ ഇടയിൽ ലോ ബജറ്റ് ചിത്രങ്ങൾ മങ്ങുമോ
ഒരിക്കലും മങ്ങില്ല. ബാഹുബലിയും കൽക്കിയും വിജയംവരിച്ചപ്പോൾ തന്നയാണ് മഞ്ഞുമ്മൽ ബോയ്സ് ലോകം മുഴുവൻ മൊഴിമാറ്റംനടത്തി ഹിറ്റായത്. പ്രേമലു, ആവേശം എന്നിവയുടെ വിജയവും ചെറുതായിരുന്നില്ല. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ സജീവമായിരുന്നെങ്കിൽ ഒരു തിയേറ്ററിൽ ആയിരം ദിവസം ഓടിയ ചന്ദ്രമുഖിക്ക് കിട്ടുന്ന മൈലേജ് എത്രത്തോളമായിരിക്കും. അതേപോലെ ദശാവതാരത്തിനും. സിനിമയിൽ ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്. ഒരു ക്ലിക്കുകൊണ്ട് എത്രയും ഉയർത്താനും താഴ്ത്താനും സോഷ്യൽ മീഡിയക്കു കഴിയുന്നുണ്ട്. എല്ലാ മലയാളസിനിമയും ഞാൻ കാണാറുണ്ട്. പ്രതിഭകളായ ടെക്നീഷ്യന്മാർ, ക്യാമറാമാന്മാർ എന്നിവരെല്ലാം മലയാളത്തിലാണുള്ളത്. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങിയവർ വലിയ പ്രതീക്ഷനൽകുന്ന സംവിധായകരാണ്. വിനീതിനെ ഞാൻ പലപ്പോഴും നേരിട്ട് വിളിക്കാറുണ്ട്.
ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ. എന്താണ് ഇതിന്റെ കെമിസ്ട്രി
ഓരോ ചിത്രം സംവിധാനം ചെയ്യുമ്പോഴും ഞാൻ അതിനെ പുതിയതായി കാണുന്നു. മുകളിലേക്കോ തിരിഞ്ഞോ നോക്കാറില്ല. സെന്റിമെന്റ്സ് എന്റെ പടത്തിന്റെ മുഖമുദ്രയാണ്. നിർമാതാവിനോട് കടപ്പാടുണ്ട്. കാശ് കിട്ടാനാണ് കാശിറക്കുന്നത്. അത് ലഭിക്കാതെവന്നാൽ അവർ ഇൻഡസ്ട്രി ഉപേക്ഷിക്കും. 500 കോടി ചെലവാക്കി 700 കോടി നേടുന്നതല്ല വിജയം. 10 കോടി ചെലവാക്കി 20 കോടി നേടുന്നതാണ് വിജയം.
ഈശ്വരവിശ്വാസിയാണോ
നൂറുശതമാനം. അയ്യപ്പനെയും ഗുരുവായൂരപ്പനെയും പിന്നെ ചക്കുളത്തു ഭഗവതിയെയുമാണ് ഏറ്റവും കൂടുതൽ ആരാധിക്കുന്നത്. ഈ വർഷം ഉൾപ്പെടെ 54 തവണ കെട്ടുംകെട്ടി ശബരിമലയിൽ പോയിട്ടുണ്ട്. അക്കാര്യത്തിൽ പെരിയസ്വാമിയാണ് ഞാൻ. എനിക്ക് സ്വന്തമായി അവിടെ കോട്ടേജുണ്ട്. ഗുരുവായൂരിൽ മിക്കവാറും പോകും. ചക്കുളത്ത് വലിയ വിശ്വാസമാണ്. ചന്ദ്രമുഖി രണ്ടുഭാഗങ്ങളിലും ചക്കുളം സ്വാമി എന്ന കഥാപാത്രമുണ്ട്.
പുതിയ ചിത്രം
ശബരിമല അയ്യപ്പനെക്കുറിച്ച് ഒരു ചിത്രം ആലോചനയിലുണ്ട്. അതിന്റെ പ്രാരംഭവർക്കുകൾ തുടങ്ങിക്കഴിഞ്ഞു. അയ്യപ്പനും ശാസ്താവും തമ്മിലുള്ള വ്യത്യാസം ഇന്നും പലർക്കുമറിയില്ല. കൂടാതെ ഒരു മലയാളചിത്രവും പരിഗണനയിലുണ്ട്. മോഹൻലാലിനെവെച്ച് ഒരു ചിത്രം ആലോചിച്ചിരുന്നു. ചെന്നെയിൽ പ്രിയദർശന്റെ വീട്ടിൽവെച്ച് വർഷങ്ങൾക്കുമുൻപ് ലാലിനോട് കഥപറയുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടൊക്കെയോ നീണ്ടുപോയി. വീണ്ടും മറ്റൊരു ചിത്രം ഇപ്പോൾ ചിന്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അഭിനയത്തിൽ ഇത്രയധികം റിയാലിറ്റി മറ്റൊരു നടനുമില്ല. കിരീടത്തിന്റെ അവസാനരംഗം ലാൽ കരയുന്നത് ഉജ്ജ്വലമായ അഭിനയമാണ്. ഒരിക്കൽ പ്രഭു കാലാപാനിയിൽ അഭിനയിക്കാൻ പോകുകയാണെന്നും നായകൻ ലാലാണെന്നും പറഞ്ഞു. ഞാൻ പറഞ്ഞ മറുപടി അഭിനയത്തിൽ ലാൽ നിന്നെ വിഴുങ്ങിക്കളയുമെന്നാണ്. പിന്നെ എടുത്തുപറയേണ്ടത് നാസറിന്റെ അഭിനയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]