ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മലയാള സിനിമയിലുയർന്ന വിവാദങ്ങളിലും താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിലും വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ. കേരള ക്രിക്കറ്റ് ലോഞ്ചിംഗ് നിർവഹിച്ചശേഷം സംസാരിക്കവേയാണ് മോഹൻലാൽ വിവാദങ്ങളേക്കുറിച്ച് പ്രതികരിച്ചത്. അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതിനുപകരം മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് പറയുന്നതായിരുന്നു മോഹൻലാലിന്റെ പ്രതികരണത്തിന്റെ ആകെത്തുക. കൂടാതെ തന്റേത് ഒളിച്ചോട്ടമായിരുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയുംചെയ്തു അദ്ദേഹം.
വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ പ്രതികരിക്കാനാവില്ലെന്ന മുൻകൂർജാമ്യവുമെടുത്തിരുന്നു മോഹൻലാൽ. 1978-ൽ തിരുവനന്തപുരത്ത് തന്റെ വീടിനുമുന്നിൽവെച്ചാണ് ആദ്യമായി അഭിനയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്. അതിന് 47 വർഷങ്ങൾക്കുശേഷം തിരുവനന്തപുരത്തുവെച്ചുതന്നെ താനുൾപ്പെടുന്ന ഇൻഡസ്ട്രിയുടെ ദൗർഭാഗ്യമായ ഒരു കാര്യത്തേക്കുറിച്ച് സംസാരിക്കാൻ ഇടവന്നതിൽ വല്ലാത്ത വിഷമമുണ്ടെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം താരസംഘടനയിൽ വൻവിവാദമാണ് ഉയർന്നത്. പുതിയ ജനറൽ സെക്രട്ടറി സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, എം.എൽ.എ കൂടിയായ മുകേഷ്, ജയസൂര്യ, മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നു. തുടർന്ന് സിദ്ദിഖ് രാജിവെയ്ക്കുകയും കേസന്വേഷണത്തെ നേരിടുകയുമായിരുന്നു. പിന്നാലെ ഈ വിഷയങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കണമെന്നും നിരന്തര ആവശ്യമുയർന്നു. പിന്നാലെ ഏതാനും ദിവസങ്ങൾക്കുമുൻപ് പ്രസിഡന്റായ മോഹൻലാൽ ഉൾപ്പെടെ 13 പേർ 17 അംഗ അമ്മ ഭരണസമിതിയിൽനിന്ന് രാജിവെയ്ക്കുകയും സമിതി പിരിച്ചുവിടുകയും ചെയ്തു. ഈ സാഹചര്യം നിലനിൽക്കേ ഇതാദ്യമായാണ് മോഹൻലാൽ പൊതുവേദിയിൽ പ്രതികരണവുമായെത്തിയത്.
ഇത്തരം വാർത്താ സമ്മേളനങ്ങളിൽ പങ്കെടുക്കാനോ ആധികാരികമായി സംസാരിക്കാനോ അറിയില്ല. താൻ കഴിഞ്ഞ 47 വർഷമായി നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നയാളാണെന്നും ഒരിടത്തേക്കും ഒളിച്ചോടിപ്പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സുചിത്രയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലിരിക്കേണ്ടിവന്നു. കൂടാതെ താൻ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്റെ അവസാനഘട്ടജോലികൾ നടക്കുകയാണ്. വിദേശത്തുനിന്നുള്ള സാങ്കേതികവിദഗ്ധരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ വെച്ചാണ് അതിന്റെ ജോലികൾ ചെയ്യുന്നത്. കരാർ പൂർത്തിയായി അവർക്ക് തിരിച്ചുപോവേണ്ടതാണ്. അതുകൊണ്ടാണ് അതെല്ലാം പെട്ടന്നുപേക്ഷിച്ച് തിരിച്ചുവരാൻ കഴിയാതിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഇതിലും വലിയ വിഷയങ്ങൾ നടന്നിട്ട് തിരിച്ച് സിനിമയിൽ വന്നവരുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പെട്ടന്നൊരു തീരുമാനമെടുക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ല. ഒരുദിവസം കൊണ്ട് എന്താണ് ഞങ്ങൾ നിങ്ങൾക്കന്യന്മാരായിപ്പോകുന്നതെന്ന ചോദ്യവും മോഹൻലാൽ ഉയർത്തി.
മറ്റേതൊരു മേഖലയിലും സംഭവിക്കുന്നതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ സിനിമയിലും നടക്കും. എന്തിനും ഏതിനും അമ്മ എന്ന സംഘടനയെ കുറ്റം പറയുന്നതായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം മലയാള സിനിമ മുഴുവനായും മറുപടി നല്‍കേണ്ട വിഷയമാണ്. പക്ഷേ അമ്മ എന്ന സംഘടനയുടെ കമ്മിറ്റിയെയും തന്നെയും വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന തോന്നലുണ്ടായി. കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ അഭിപ്രായം. എനിക്ക് പറയാനുള്ളത് ഇതാണ്. പക്ഷേ ദയവ് ചെയ്ത മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയാണ്. തന്റെ കരിയർ തുടങ്ങുന്നത് മദ്രാസിൽവെച്ചാണ്. അന്നൊന്നും യാതൊരു സൗകര്യങ്ങളുമില്ല. അവിടെനിന്നും വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത ഇൻഡസ്ട്രിയാണ്. ദയവുചെയ്ത് മുഴുവൻ ഫോക്കസും തങ്ങളിലേക്ക് മാത്രമാക്കി ഇൻസ്ട്രിയെ തകർക്കരുതെന്ന് അഭ്യർത്ഥിക്കുകയായിരുന്നു മോഹൻലാൽ. ഇത് തോൽവിയോ ഒളിച്ചോട്ടമോ അല്ലെന്നും ഒരു സംഘടനമാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.