കൊച്ചി: വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കലാപരമായും വാണിജ്യപരമായും ഏറെ മുന്നിൽനിന്ന സിനിമകളായിരുന്നു മോഹന്റേത്. പുതിയ കഥാപശ്ചാത്തലവും അതിനു ചേർന്ന അഭിനേതാക്കളും നവീന ദൃശ്യചാരുതയും മോഹന്റെ സിനിമകളുടെ പ്രത്യേകത ആയിരുന്നു. രണ്ട് പെൺകുട്ടികളിലൂടെ മലയാള സിനിമ അതുവരെ ദർശിക്കാത്ത പ്രമേയത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു മോഹൻ.
1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. ശാലിനി എന്റെ കൂട്ടുകാരിയിലൂടെ ശോഭ എന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനം തിരശ്ശീലയിൽ എത്തി. നെടുമുടി വേണുവിന്റെ തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പൊള്ളിച്ച സിനിമയായിരുന്നു വിടപറയും മുൻപേ. പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധനേടിയ ചിത്രങ്ങൾ. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്റെ സുഹൃത്ത് വഴി സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെ അസിസ്റ്റന്റായി. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു.ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയി. മോഹന്റെ സിനിമകളിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിർമ്മാതാവായി മാറി.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.
സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).
അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]