കസേരയിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അവ്യക്തമായ ശബ്ദത്തിൽ ചുറ്റുമുള്ളവരോട് യാത്ര പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു മോഹൻ. അമ്പരപ്പോടെ ആ കാഴ്ച്ച കണ്ടു നിന്നപ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല പ്രിയ ചലച്ചിത്രകാരന് എന്നു സങ്കല്പിച്ചിട്ടുപോലുമില്ല.
ഓർമ്മയിൽ തെളിയുന്നത് മോഹന്റെ തന്നെ “വിടപറയും മുൻപേ”യിൽ നെടുമുടി അവതരിപ്പിച്ച സേവ്യർ എന്ന കഥാപാത്രം ജോലി നഷ്ടപ്പെട്ട് ഓഫീസിൽ നിന്നിറങ്ങിപ്പോകവേ വാതിൽക്കലെത്തി സഹപ്രവർത്തകരെ തിരിഞ്ഞു നോക്കുന്ന വികാരനിർഭരമായ ദൃശ്യമാണ്. ഇനിയൊരിക്കലൂം നമ്മൾ കാണില്ല എന്ന് പറയാതെ പറയും പോലെ, നിശബ്ദമായ ഒരു യാത്രാമൊഴി. അനിവാര്യമായ അന്ത്യത്തിലേക്കായിരുന്നല്ലോ സേവ്യറിന്റേയും യാത്ര.
ഒരു വർഷം മുൻപ് ചലച്ചിത്ര അക്കാദമി തൈക്കാട്ടെ ഗണേശത്തിൽ സംഘടിപ്പിച്ച സംവിധായകൻ എം കൃഷ്ണൻ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന ചടങ്ങിനിടെ വേദിയിൽ തളർന്നു വീഴുകയായിരുന്നു മോഹൻ. ആ ആഘാതത്തിൽ നിന്ന് ഒരിക്കലും വിമുക്തനാകാനായില്ല അദ്ദേഹത്തിന്. ആ വീഴ്ചക്ക് തൊട്ടുമുൻപാണ് അന്നത്തെ ചടങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വാചാലനായത്. “പത്രത്തിൽ ഇത് സംബന്ധിച്ച അറിയിപ്പ് കണ്ടപ്പോൾ നേരെ ഇങ്ങോട്ട് പുറപ്പെട്ടു. കൃഷ്ണൻ നായർ സാറിനെ കുറിച്ചുള്ള പരിപാടിയാകുമ്പോൾ വരാതിരിക്കുന്നതെങ്ങനെ?” കൃഷ്ണൻ നായരുടെ സഹസംവിധായകരിലൊരാളായി സിനിമാജീവിതം തുടങ്ങിയ മോഹന് ഗുരുവിനെ എങ്ങനെ മറക്കാനാകും?
വർഷങ്ങൾക്ക് ശേഷം കാണുകയായിരുന്നു മോഹനേട്ടനെ. നേരിട്ട് ചെന്ന് പരിചയം പുതുക്കിയപ്പോൾ ചിരിയോടെ അദ്ദേഹം പറഞ്ഞു: “രണ്ടു രവി മേനോന്മാരെ അറിയാം എനിക്ക്. ഒന്ന് എന്റെ വാടകവീട്ടിലും ശാലിനി എന്റെ കൂട്ടുകാരിയിലും ഒക്കെ അഭിനയിച്ച രവി മേനോനെ. പിന്നെ നിങ്ങളെയും. ഇയ്യിടെ ഹിമശൈല സൈകത ഭൂമിയെ പറ്റി എഴുതിയിരുന്നല്ലോ. ഞാൻ വായിച്ചിരുന്നു..”
സ്വന്തം സിനിമകളിൽ മോഹന് ഏറ്റവും ആത്മബന്ധമുള്ള പാട്ട്. “ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രീകരിച്ച പാട്ടാണ് ഹിമശൈലം. വലിയ ആർഭാടമൊന്നുമില്ല. നാല്പത്തിമൂന്ന് വർഷത്തിന് ശേഷവും അത് നിലനിൽക്കുന്നു എന്നോർക്കുമ്പോൾ അത്ഭുതം.”– മോഹൻ പറഞ്ഞു. “എം ഡി രാജേന്ദ്രന്റെ ഏറ്റവും നല്ല രചനകൾ വന്നിട്ടുള്ളത് എന്റെ സിനിമകളിലാണ്. ശാലിനിയിലെ തന്നെ സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട, പിന്നെ മംഗളം നേരുന്നുവിലെ അല്ലിയിളം പൂവോ, ഋതുഭേദ കൽപ്പന… ” നിമിഷനേരത്തെ ഇടവേളക്ക് ശേഷം ഒരു പാട്ട് കൂടി കൂട്ടിച്ചേർക്കുന്നു മോഹൻ ആ പട്ടികയിൽ — കഥയറിയാതെയിലെ “താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം.”
“പാട്ടുകൾ കഥാഗതിക്ക് ഇണങ്ങും വിധം മാത്രമേ ഞാൻ ചിത്രീകരിച്ചിട്ടുള്ളൂ.”– മോഹന്റെ വാക്കുകൾ. “ഹിറ്റാകുക എന്നതിനേക്കാൾ സിനിമയുമായി അവ ചേർന്നു നിൽക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം. രചന മോശമാകരുത് എന്നുമുണ്ട് നിർബന്ധം. സംഗീതം രചന കഴിഞ്ഞേ വരൂ. ഭാഗ്യവശാൽ മിക്ക സിനിമകളിലും രണ്ടു ഘടകങ്ങളും ഒത്തുവന്നു.”
ഏറ്റവും പ്രിയപ്പെട്ട മൂന്ന് സംഗീത സംവിധായകരെ ആദ്യ ചിത്രങ്ങളിൽ തന്നെ സഹകരിപ്പിക്കാൻ കഴിഞ്ഞു എന്നതായിരുന്നു വലിയ ഭാഗ്യം — എം എസ് വിശ്വനാഥൻ, ദേവരാജൻ, എം ബി ശ്രീനിവാസൻ. ആദ്യ ചിത്രമായ രണ്ടു പെൺകുട്ടികളിൽ ബിച്ചു തിരുമല — എം എസ് വി ടീം ആയിരുന്നു ഗാനശില്പികൾ. ജയചന്ദ്രൻ പാടിയ ഞായറും തിങ്കളും പൂത്തിറങ്ങി, ശ്രുതിമണ്ഡലം എന്നീ ഗാനങ്ങൾ ഈ പടത്തിലാണ്. ശാലിനിയിലും കഥയറിയാതെയിലും ദേവരാജൻ. വിടപറയും മുൻപേയിൽ കാവാലം — എം ബി എസ് കൂട്ടുകെട്ട്.
ഇളയരാജയെ “ആലോല”ത്തിൽ സംഗീത സംവിധായകനാക്കിയത് മറ്റൊരു പരീക്ഷണം. ആലോലത്തിൽ കാവാലം — ഇളയരാജ സഖ്യമൊരുക്കിയ എല്ലാ പാട്ടുകളും ഹിറ്റായി: ആലോലം പീലിക്കാവടി ചേലിൽ, വീണേ വീണേ വീണക്കുഞ്ഞേ, തണൽ വിരിക്കാൻ… പിന്നീട് അധിക സിനിമകളിലും ജോൺസൺ ആയിരുന്നു സംഗീത സംവിധായകനായി ഒപ്പം. “ഞങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് അയാൾക്കറിയാം. അയാളുടെ മനസ്സ് എനിക്കും.”
ആ “രസതന്ത്ര”മാണല്ലോ മലയാളത്തിലെ എക്കാലത്തെയും മികച്ച ചില കാവ്യഗീതികൾക്ക് ജന്മമേകിയത്: പക്ഷേയിലെ സൂര്യാംശു ഓരോ വയൽപ്പൂവിലും, മൂവന്തിയായ് (രചന: കെ ജയകുമാർ), ഒരു കഥ ഒരു നുണക്കഥയിലെ അറിയാതെ അറിയാതെ എന്നിലെ എന്നിൽ നീ (എം ഡി രാജേന്ദ്രൻ), ഇസബെല്ലയിലെ ഇസബെല്ല (ഒ എൻ വി), അങ്ങനെ ഒരു അവധിക്കാലത്തിലെ പുലർ വെയിലും (ഗിരീഷ് പുത്തഞ്ചേരി).
കവിയായ ബാലചന്ദ്രൻ ചുള്ളിക്കാട് ഗാനരചയിതാവായി അരങ്ങേറിയതും മോഹന്റെ സിനിമയിൽ തന്നെ — “ശ്രുതി.” യഥാർത്ഥത്തിൽ പാട്ടെഴുതേണ്ടിയിരുന്നത് എം ഡി രാജേന്ദ്രനാണ്. എന്തോ കാരണത്താൽ എം ഡി ആറിന് കമ്പോസിംഗ് സമയത്ത് ചെന്നൈയിൽ എത്തിപ്പെടാൻ കഴിയാതെ പോകുന്നു. ഇനിയുള്ള മാർഗ്ഗം അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് പൂവച്ചൽ ഖാദറിനെ അഭയം പ്രാപിക്കുകയാണ്. നിർഭാഗ്യവശാൽ പൂവച്ചലും സ്ഥലത്തില്ല. അങ്ങനെയാണ് സംഗീത സംവിധായകൻ ജോൺസന്റെയും മോഹന്റേയും നിർബന്ധപ്രകാരം ചുള്ളിക്കാട് മനസ്സില്ലാമനസ്സോടെ പാട്ടെഴുത്തുകാരനായി അവതരിച്ചത്. “നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടിൽ നീ ചാലിക്കും ആനന്ദമോ ജീവിതം..”– അതായിരുന്നു ആദ്യ ഗാനം.
പല സിനിമകളും ഓർക്കപ്പെടുന്നത് അതിലെ പാട്ടുകളിലൂടെ ആണെന്നതിൽ നിരാശ തോന്നാറുണ്ടോ? “എന്തിന്? ആ പാട്ടുകൾ സിനിമയുടെ ഭാഗം തന്നെയായിരുന്നല്ലോ.”– മോഹന്റെ മറുപടി. സംസാരിച്ചു മതിയാകാതെ ഉദ്ഘാടനച്ചടങ്ങിന് പിരിയുമ്പോൾ അദ്ദേഹം പറഞ്ഞു: “ഒന്ന് രണ്ടു പാട്ടുകളുടെ നിങ്ങളറിയാത്ത കഥകളുണ്ട്. ഇപ്പോൾ ഓർമ്മവരുന്നില്ല. ഓർമ്മ വരുമ്പോൾ വിളിക്കാം..” ഇനിയൊരിക്കലും ആ വിളി പ്രതീക്ഷിക്കേണ്ട എന്നോർക്കുമ്പോൾ ദുഃഖം.