
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യൻ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു. ലഖ്നൗ ടീമിന്റെ മുന്‍ ഉപദേഷ്ടാവായ ഗൗതം ഗംഭീര്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉപദേഷ്ടാവായി പോയിരുന്നു. ടി20 ലോകകപ്പിന് ശേഷം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായി. ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് പോയപ്പോള്‍ പകരം ഉപദേഷ്ടാവായി ആരെയും ലഖ്നൗ തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ടീം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീം ഉടമ സഞ്ജീവ് സഹീറിനെ മെന്ററായി പ്രഖ്യാപിച്ചത്. കളിക്കാരുടെ മേല്‍നോട്ട ചുമതല ഗംഭീറിനായിരിക്കുമെന്നും സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. ലഖ്നൗ ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന മോര്‍ണി മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് ആയി നിമയിതനായാതിനാല് സഹീറിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
മുംബൈ ഇന്ത്യൻസിന്റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ സഹീറിനെ മെഗാ താരലേലത്തിന് മുമ്പ് മെന്ററാക്കുന്നത് ടീമിന് ഗുണം ചെയ്യും. അതിനിടെ ടീം നായകനായ കെ എല്‍ രാഹുലിനെ ഈ സീസണില്‍ നിലനിര്‍ത്താനിടയില്ലെന്നും രാഹുല്‍ തന്റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കനത്ത തോല്‍വിക്ക് ശേഷം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വെച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പരസ്യമായി ശാസിച്ചത് വിവാദമായിരുന്നു.ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെയാവും ലഖ്നൗ നിലനിര്‍ത്തുക എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.
Zaheer, Lucknow ke dil mein aap bohot pehle se ho 🇮🇳💙 pic.twitter.com/S5S3YHUSX0
— Lucknow Super Giants (@LucknowIPL) August 28, 2024
ജസ്റ്റിന് ലാംഗറാണ് ലഖ്നൗവിന്റെ മുഖ്യ പരിശീലകന്. ആദം വോഗ്സ്, ലാന്‍സ് ക്ലൂസ്നര്, ജോണ്ടി റോഡ്സ്, ശ്രീധരന് ശ്രീരാം എന്നിവരും ലഖ്നൗവിന്റെ പരീശിലക സംഗത്തിലുണ്ട്. 2022ലാണ് സഞ്ജീവ് ഗോയങ്ക ലഖ്നൗ ടീമിനെ 7090 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ആദ്യ രണ്ട് സീസണിലും പ്ലേ ഓഫിലെത്താന്‍ ലഖ്നൗവിനായെങ്കിലും രണ്ട് തവണയും എലിമിനേറ്ററില്‍ പുറത്തായി. കഴിഞ്ഞ സീസണില്‍ നെഗറ്റീവ് നെറ്റ് റണ്‍റേറ്റ് കാരണം നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായ ലഖ്നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]