തിരുവനന്തപുരം: വ്യാപക പരാതികളും വിവാദങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിനിമ നയരൂപീകരണ സമിതി അഴിച്ചുപണിതേക്കും. സിനിമ നയരൂപീകരണ സമിതി അംഗമായ മുകേഷിനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സമിതി അംഗത്വം ഒഴിയാന്‍ സി.പി.എം. മുകേഷിനോട് നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം.
സമിതി അംഗമായ സംവിധായകനും ഫെഫ്ക ജെനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെയും മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സംവിധായകന് വിനയനാണ് ഈ ആവശ്യമുന്നയിച്ചത്. തനിക്കെതിരെ നിലനിന്ന വിലക്കുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരാമര്‍ശിച്ചാണ് വിനയന് ഉണ്ണികൃഷണനെതിരെ രംഗത്തെത്തിയത്.
ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ ആണ് സിനിമാ നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും കരട് നയം രൂപീകരിക്കാനുമായി സർക്കാർ നിയോഗിച്ചത്. ഷാജി എന്‍. കരുണ്‍ ചെയര്‍മാനും സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കണ്‍വീനറുമായ കമ്മറ്റിയില്‍ സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷ്, മഞ്ജുവാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന് ബി. ഉണ്ണികൃഷ്ണന്, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് എന്നിവരെയാണ് അംഗങ്ങളായി നിശ്ചയിച്ചിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നയരൂപീകരണത്തിന്റെ കരട് തയ്യാറാക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ ആരംഭത്തില്‍ തന്നെ കല്ലുകടി തുടങ്ങിയിരുന്നു. തന്നോട് ആലോചിക്കാതെയാണ് സമിതി അംഗമാക്കിയതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ ട്രേഡ് ബോഡികളെ നയരൂപീകരണ സമിതിയുടെ ഭാഗമാക്കിയില്ലെന്ന പരാതിയും പിന്നാലെ ഉയര്‍ന്നു.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമെന്ന വിലയിരുത്തലുകള്‍ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. സമിതി നയരൂപീകരണത്തിനായി തയ്യാറാക്കിയ കോണ്‍ക്ലേവുമായി സഹകരിക്കാന്‍ ഇതിലെ ചില അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഡബ്ല്യൂ.സി.സി. നിരാശ പ്രകടിപ്പിച്ചിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് പദ്മപ്രിയയെ ആണ് സമിതി അംഗമാക്കിയിരുന്നതെങ്കിലും പദ്മപ്രിയയും മഞ്ജുവാര്യരും സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ അപൂര്‍ണമായ സമിതി പ്രവര്‍ത്തനം തുടങ്ങവേയാണ് ഇപ്പോള്‍ സമിതി അംഗത്തിനെതിരെ പീഡന ആരോപണമുയർന്നത്.
ഇതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായി. വിഷയത്തില്‍ പുതിയ തീരുമാനം വന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സമിതിയെ തന്നെ ഉടച്ചുവാര്ക്കാനൊരുങ്ങുന്നത്. നിലവിലെ സമിതിയില്‍ നിന്ന് താത്പര്യമില്ലാത്തവരെയുള്പ്പെടെ ഒഴിവാക്കിയും കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയുമാകും നയരൂപീകരണ സമിതിയെ പൊളിച്ചുപണിയുക. ഷാജി എന്‍ കരുണ്‍ ചെയര്മാന് സ്ഥാനത്ത് തുടര്‍ന്നേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]