1984-ലെ ദേശീയ സിനിമാപുരസ്കാര പ്രഖ്യാപനദിനം. ‘ഒരു കഥ ഒരു നുണക്കഥ’ സിനിമയുടെ പണിപ്പുരയിലായിരുന്നു അപ്പോള്‍ സംവിധായകന് മോഹന്‍. പ്രഖ്യാപനം വന്നു. ‘അര്‍ധസത്യ’ എന്ന സിനിമയിലെ അഭിനയത്തിന് ഓംപുരിക്ക് മികച്ച നടനുള്ള പുരസ്കാരം. മോഹന്റെ ‘മംഗളം നേരുന്നു’ എന്ന സിനിമയിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച നടനുള്ള പുരസ്കാരം നഷ്ടപ്പെട്ടത് ഒരു വോട്ടിനെന്ന വാര്‍ത്തയുമെത്തി.
പക്ഷേ, ഇതൊന്നും മോഹനെ ബാധിച്ചില്ല. കാരണം, മംഗളം നേരുന്നു എന്ന സിനിമ തിയേറ്ററുകളില്‍ അപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയായിരുന്നു. അതിനെയും വെല്ലുന്ന മറ്റൊരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമപ്പോള്‍.
എണ്‍പതുകളില്‍ മലയാളസിനിമയില്‍ കലാമൂല്യവും കച്ചവടമികവും ഒരുപോലെ സന്നിവേശിപ്പിച്ച മധ്യവര്‍ത്തി സിനിമയുടെ അമരക്കാരിലൊരാളായിരുന്നു മോഹന്‍. കാവ്യാത്മമായി മലയാളിയുടെ ഭാവുകത്വത്തെ പുതുക്കി തനിക്കൊപ്പം നടത്തിയതാണ് മോഹനിലെ സംവിധായകന്റെ മികവ്. മലയാളസിനിമയില്‍ ഇക്കിളിരംഗങ്ങളുടെ അതിപ്രസരകാലത്ത് ആഴത്തിലുള്ള കഥകള്‍ തിരഞ്ഞെടുത്ത് സിനിമയാക്കി വന്‍വിജയം നേടിക്കൊണ്ടാണ് മോഹന്‍ വ്യത്യസ്തനായത്.
പ്രമേയത്തിലെ സവിശേഷത, കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിലെ മികവ്, വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ വിജയ ഫോര്‍മുല.
പുരസ്കാരത്തിന് അപേക്ഷിക്കുന്ന ശീലമില്ലാത്തതിനാല്‍ അവാര്‍ഡുകളൊന്നും കിട്ടിയില്ല. 11 സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. രണ്ടു സിനിമകള്‍ക്ക് കഥയും എഴുതി.
ഇരിങ്ങാലക്കുടയിലെ നായര്‍ ഹോട്ടലുടമ ചെട്ടിപ്പറമ്പില്‍ മഠത്തിവീട്ടില്‍ നാരായണന് നായരുടെയും റിട്ട. അധ്യാപിക അമ്മുക്കുട്ടിയമ്മയുടെയും മകനാണ്.
ഇരിങ്ങാലക്കുടയുടെ സിനിമക്കാര്‍
സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള അന്നത്തെ ഇരിങ്ങാലക്കുടക്കാരുമായുള്ള സൗഹൃദമാണ് മോഹനെയും ആ സ്വപ്നത്തിലേക്ക് അടുപ്പിച്ചത്. മധുവിനൊപ്പം പ്രവര്ത്തിച്ചകാലമാണ് മോഹനിലെ സംവിധായകനെ ഊതിക്കാച്ചിയെടുത്തത്. മധു സംവിധാനം ചെയ്ത ഒരു സിനിമയുടെ പ്രധാനപ്പെട്ട ഭാഗം മധു ഇല്ലാതിരുന്ന ദിവസം ചിത്രീകരിച്ചു. അത് മധുവിന് നന്നേ ഇഷ്ടപ്പെട്ടു. ആ പ്രശംസയാണ് സ്വതന്ത്ര സംവിധായകനാകാനുള്ള ആത്മധൈര്യം നല്‍കിയത്.
മലയാളത്തിലെ പ്രഗല്ഭരായ തിരക്കഥാകൃത്തുക്കളെല്ലാം മോഹനുവേണ്ടി എഴുതി. സുരാസു എഴുതി ബാലചന്ദ്രന് ചുള്ളിക്കാട് നായകനായ തീര്‍ഥം മോഹനാണ് സംവിധാനം ചെയ്തത്. ജോണ്‍പോളുമായുള്ള സൗഹൃദം കലാപരമായും സാമ്പത്തികമായും മികച്ച ചിത്രങ്ങളുടെ സംവിധായകനാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]