താരസംഘടന അമ്മയിലെ കൂട്ടരാജി എടുത്തുചാട്ടമായിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. താരസംഘടനയിലെ കൂട്ടരാജിയേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തിൽ സംഘടനയിൽ അനിശ്ചിതത്വമുണ്ടായി. ഇപ്പോൾ അംഗമല്ലെങ്കിലും താനുംകൂടി സ്ഥാപകാംഗമായ സംഘടനയായതുകൊണ്ടാണിത് പറയുന്നത്. അതിന്റെയൊരു വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നേതാവ് മൗനിയായിപ്പോയതിന്റെ ബലിയാടാണ് ഞാൻ. അല്ലായിരുന്നെങ്കിൽ ഞാനിങ്ങനെ നിൽക്കേണ്ടിവരില്ലല്ലോ. 1994-ലാണ് സംഘടന തുടങ്ങിയത്. 97-ൽ ചേർന്ന ജനറൽ ബോഡിയിൽ ഞാനും മഹേഷും ഇടവേളബാബുവും മറ്റൊരാളുമെല്ലാം ചേർന്ന്, അദ്ദേഹമാരായിരുന്നെന്ന് ഓർക്കുന്നില്ല, യുവതുർക്കികൾ എന്ന പേരിൽ പ്രതിഷേധമുയർത്തിയിരുന്നു. മധുസാറായിരുന്നു അന്ന് പ്രസിഡന്റ്. അതൊരു കാലമായിരുന്നു.
തിരുത്തൽവാദത്തിനുപകരം ശരിപക്ഷവാദമായിരുന്നു അന്ന് സംഘടനയ്ക്കുനേരെ ഉയർത്തിയത്. ഷമ്മി തിലകനെപ്പോലുള്ള പ്രതിപക്ഷം ഈ സംഘടനയിൽ വന്നെങ്കിൽ മാത്രമേ ഇത് നന്നാവൂ എന്ന് ഒരംഗം 2018-ൽ പറഞ്ഞിരുന്നു. പ്രതിപക്ഷമല്ല, പ്രതി പക്ഷമാണെന്നാണ്, ശരിപക്ഷമാണെന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. പക്ഷേ, എന്റെ ശരി അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ പുറത്താകേണ്ടിവന്നു. ചെറുതെന്നോ വലുതെന്നോ തരംതിരിവില്ലാതെ ആര് തെറ്റുചെയ്താലും അത് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കുകയാണ് വേണ്ടത്. അതിനുവേണ്ടിത്തന്നെയാണ് സംഘടനയ്ക്കുള്ളിൽ ഞാൻ ശബ്ദമുയർത്തിയിട്ടുള്ളത്. അങ്ങനെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ കണ്ണാടിയിൽ നോക്കി നമ്മൾ നമ്മളെ അറിയുക. താൻ ജാതിയിൽ കൂടിയയാളാണെന്ന ചിന്ത മനസിൽവെച്ചുകൊണ്ട് ഒരു സംഘടനയിലിരുന്നുകഴിഞ്ഞാൽ അങ്ങനെയൊക്കെ സംഭവിക്കും. പ്രസിഡന്റിന് പ്രതികരണശേഷി ഒരുപക്ഷേ നഷ്ടപ്പെട്ടിരിക്കും.
സ്വർഗരാജ്യത്തുചെല്ലുമ്പോൾ മുഖംതിരിക്കുന്ന മാലാഖമാരാണെങ്കിൽ എനിക്കവരെ കാണേണ്ട കാര്യമുണ്ടോ? എന്തിനാണിനി പുതിയ സംഘടന? സംഘടനകളെ മുട്ടി ഇപ്പോൾത്തന്നെ നടക്കാൻവയ്യ. സംഘടനയിലെ ചില ആൾക്കാരെയാണ് മാഫിയ എന്ന് അച്ഛൻ വിശേഷിപ്പിച്ചത്. സംഘടനയിൽ അധീശത്വമുള്ളവരെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. പവർ ഗ്രൂപ്പെന്ന് ഹേമാ കമ്മിറ്റി പറഞ്ഞതും ഇവരെക്കുറിച്ച് തന്നെയാണ്. അമ്മ സംഘടനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. എനിക്ക് രണ്ട് അമ്മമാരുണ്ട്. മൂന്നാമത്തെ അമ്മയായി കണ്ടിരുന്നത് താരസംഘടനയേയാണ്. അങ്ങനെ മനസിൽ കൊണ്ടുനടന്നതാണ്. 2018-ൽ അന്നത്തെ സെക്രട്ടറിയോട് ഞാനിക്കാര്യം പറഞ്ഞതാണ്.
കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛൻ മനസിൽ കാണുന്നുണ്ടാവാം. പ്രതികാര മനോഭാവത്തോടെ അവർ എന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, എന്റെ അച്ഛനോട് ചെയ്തത് ഭയങ്കരമായ തെറ്റാണെന്നും അനീതിയാണെന്നും കോടതിതന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. സംഘടനയിലെ ജാതീയമായ കാര്യങ്ങൾ ഇന്നും ഇന്നലെയും പറയുന്നതല്ല. സംഘടന രൂപീകൃതമായപ്പോൾമുതൽ ജാതീയമായ സംഭവങ്ങൾതന്നെയാണ് നടന്നുവന്നിട്ടുള്ളത്. അങ്ങനെയല്ലെന്ന് പറഞ്ഞാൽ സമ്മതിക്കില്ല, തെളിവുണ്ട്. ഒളിച്ചോട്ടമാണെന്ന് പറയാനാവില്ല. ഉത്തരംമുട്ടി എന്നേ പറയാനാവൂ. മൗനം വിദ്വാന് ഭൂഷണം എന്ന് പറയാറുണ്ടല്ലോ. എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടത് അവരെ വോട്ടുചെയ്ത് ജയിപ്പിച്ചവരോടുള്ള വഞ്ചനയാണെന്ന് തോന്നി”, ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു.
പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്നതാണ് അനിവാര്യത എന്നുപറയുന്നത്. നമ്മുടെയെല്ലാം കുഞ്ഞുങ്ങളാണിനി നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്ന ജഗദീഷിന്റെ ലീക്കായ ഒരു വോയിസുണ്ട്. അന്നത്തെ ജനറൽ ബോഡിയിൽ ഞാനത് പറയുകയും ചെയ്തതാണ്. ഞാൻ കഴിഞ്ഞാൽ പ്രളയം എന്നുള്ള സംസ്കാരമാണിപ്പോൾ കാണുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ പ്രസ്ഥാനത്തെ എച്ചിലാക്കിവെച്ചിട്ടാണോ നമ്മൾ പോവേണ്ടത്? നല്ല ഒരവസ്ഥയിലാണ് അത് അവർക്ക് കൈമാറേണ്ടത്. അതിനുള്ള സമയമാണിതെന്നാണ് കരുതുന്നതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.