
കൊച്ചി: താര സംഘടനായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഒപ്പം എക്സിക്യൂട്ടിവ് കമ്മിറ്റിയും ഒന്നടങ്കം രാജിവച്ചതിൽ പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു സി സി) രംഗത്ത്. ‘പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ – എന്നായിരുന്നു ഡബ്ല്യു സി സി ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
മോഹൻലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]