ഹിമശൈലസൈകത ഭൂമിയില്‍ നിന്നു നീ പ്രണയപ്രവാഹമായ് വന്നൂ… എന്ന ഗാനം കേള്‍ക്കുമ്പോഴെല്ലാം കാണാക്കയങ്ങളിലൂടെ എങ്ങോട്ടോ പോകുന്ന അനുഭവമാണ് ശ്രോതാവിന്. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം (ഒന്നോ രണ്ടോ ചിത്രങ്ങളൊഴികെ) മലയാളികള്‍ക്ക് എന്നും ഓര്മിക്കാന്തക്ക ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. മലയാള സിനിമാസംഗീതമേഖലയിലെ പ്രതിഭകളെ തന്റെ സിനിമയിലെ പാട്ടുകള്‍ സൃഷ്ടിക്കാനേല്പ്പിച്ചതും പുതുതരംഗചിത്രങ്ങളുടെ ആചാര്യനായ മോഹന്റെ സംഗീതത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നു. എം.എസ്. വിശ്വനാഥനേയും എം.ബി. ശ്രീനിവാസനേയും ശ്യാമിനേയും ജോണ്സൻ മാഷിനേയും തന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം ഏൽപ്പിച്ച മോഹന്‍ പാട്ടെഴുത്തിനായി ഒ.എന്‍.വിയേയും ബിച്ചു തിരുമലയേയും കാവാലം നാരായണപ്പണിക്കരേയും എം.ഡി. രാജേന്ദ്രനേയും കൂട്ടുവിളിച്ചു. ഇരുപതോളം സിനിമകള്‍ ചെയ്ത് തന്റേതായ പാദമുദ്ര ചാര്‍ത്തി കാലത്തിനുമുമ്പേ സഞ്ചരിച്ച മോഹന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രങ്ങളും അവയിലെ ഗാനങ്ങളും മലയാളസിനിമാപ്പട്ടികയില് എക്കാലവും ഓര്മിക്കപ്പെടുമെന്നത് നിസ്സംശയമായ വസ്തുതയാണ്.
‘വാടകവീട്’ എന്ന മോഹന്റെ ആദ്യചിത്രത്തില്‍ എം.എസ്. വിശ്വനാഥനും ബിച്ചു തിരുമലയുമാണ് ഗാനസ്രഷ്ടാക്കള്‍. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്പ്പെടുത്തിയിരുന്നത്. പി. ജയചന്ദ്രന് ആലപിച്ച ആയിരം സുഗന്ധരാജ സംഗമങ്ങളേ… എന്ന ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകരേറെയാണ്. വാണി ജയറാം പാടിയ മാരിവില്ലിന്റെ പന്തല്‍ എന്ന ഗാനവും എസ്. ജാനകി പാടിയ സുഗമ സംഗീതം തുളുമ്പും എന്ന ഗാനവും മികച്ചവയാണ്.
1978 ല്‍ തീയേറ്ററുകളിലെത്തിയ ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമയുടെ കഥ പത്മരാജന്റേതായിരുന്നു. ശാലിനി എന്റെ കൂട്ടുകാരിയിലെ ക്യാമ്പസ് പശ്ചാത്തലവും സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും നൈര്‍മല്യവും ശോഭ, സുകുമാരന്‍, കെ.പി. ഉമ്മര്‍, ജലജ, രവി മേനോന് വേണുനാഗവള്ളി തുടങ്ങിയ താരങ്ങളുടെ അഭിനയമികവും സിനിമയെ ആകര്‍ഷണീയമാക്കി. സൂപ്പര്‍ഹിറ്റായ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റുകളായിരുന്നു. നിന് തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍ എന്ന ഗാനം അക്കാലത്ത് മൂളാത്ത സംഗീതപ്രണയികള്‍ കുറവായിരുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ദേവരാജന്റെ സംഗീതത്തിന് എം.ഡി. രാജേന്ദ്രനാണ് വരികളെഴുതിയത്.
ജോണ്‍ പോളിന്റെ തിരക്കഥയില്‍ മോഹന്‍ ഒരുക്കിയ ‘വിട പറയും മുമ്പേ’ എന്ന ചിത്രത്തിലെ പാട്ടുകള്‍ വ്യത്യസ്തമായിരുന്നു. എം.ബി. ശ്രീനിവാസന് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിനു വേണ്ടി കാവാലം നാരായണപ്പണിക്കരാണ് ഗാനരചന നിര്‍വഹിച്ചത്. പ്രേം നസീര്‍, നെടുമുടി വേണു, ഭരത് ഗോപി, ലക്ഷ്മി, രവി മേനോന് തുടങ്ങിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. നെടുമുടി വേണുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ സിനിമയിലെ ‘സേവ്യര്‍’ വിലയിരുത്തപ്പെടുന്നത്.
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ എന്ന പാട്ടിഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. 1984 ല്‍ റിലീസായ ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിലെ കൃഷ്ണചന്ദ്രന് ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ഇളയരാജയായിരുന്നു. എം.ഡി. രാജേന്ദ്രന്റെ വരികള്‍ ഗാനത്തിന് ചാരുതയേറ്റി. മലയാളികളുടെ പ്രിയഗാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ഈ ഗാനത്തിനും ക്രെഡിറ്റ് നല്‍കേണ്ടത് സംവിധായകനാണ്. സിനിമയിലെ മറ്റൊരു ഗാനവും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ശ്രീനാഥും ശാന്തികൃഷ്ണയും ചേര്‍ന്നഭിനയിച്ച ഋതുഭേദകല്പന… എന്നാരംഭിക്കുന്ന പ്രണയഗാനം യേശുദാസും കല്യാണി മേനോനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീതപ്രേമികള്‍ക്ക് ലഭിച്ച പ്രിയപാരിതോഷികമായി ആ ഗാനം.
1986 ല്‍ തീയേറ്ററുകളിലെത്തിയ ‘ഒരു കഥ ഒരു നുണക്കഥ’ എന്ന സിനിമയില്‍ ഒറ്റഗാനമാണുണ്ടായിരുന്നത്, അതാകട്ടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റും. അറിയാതെ അറിയാതെ… എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് ജോണ്‍സണായിരുന്നു. വരികളെഴുതിയത് എം.ഡി. രാജേന്ദ്രനും. ഗാനമാലപിച്ച കെ.എസ്. ചിത്രയുടെ ഹിറ്റ് ഗാനങ്ങളിലൊന്നുകൂടിയായി അറിയാതെ അറിയാതെ. സിനിമയുടെ കഥയും മോഹന്റേതായിരുന്നു. തിരക്കഥ, സംഭാഷണം എന്നിവ ശ്രീനിവാസന് തയ്യാറാക്കി. മമ്മൂട്ടി, നെടുമുടി വേണു, മാധവി, പവിത്ര എന്നിവരായിരുന്നു അഭിനേതാക്കള്‍.
1988 ലെത്തിയ ‘ഇസബെല്ല’ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. ബെല്ലയുടേയും ഉണ്ണിയുടേയും പ്രണയത്തിന് ചാരുത പകര്‍ന്ന ഗാനങ്ങള്‍ക്ക് പിന്നില്‍ ഒ.എന്‍.വി. കുറുപ്പും ജോണ്‍സണുമായിരുന്നു. തളിര്മുന്തിരിവള്ളിക്കുടിലില്, മംഗല്യയാമം, ഇസബെല്ല തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇപ്പോഴും നിത്യഹരിതങ്ങളായി തുടരുന്നു. ബാലചന്ദ്രമേനോന്റേയും സുമലതയുടേയും കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ കൂടിയായിരുന്നു സിനിമയിലേത്. സിനിമയുടെ തിരക്കഥയൊരുക്കിയതും മോഹനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോഹന്‍ലാല്‍ നായകനായെത്തിയ ‘പക്ഷേ’ ഏറെ പ്രശംസ നേടിയ ചിത്രമാണ്. ജോണ്‍സണാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ജയകുമാര്‍ എഴുതിയ വരികള്‍ ഗാനങ്ങള്‍ക്ക് കൂടുതല്‍ ഭംഗിയേകി. സൂര്യാംശുവോരോ വയല്പ്പൂവിലും, മൂവന്തിയായ് പകലില്‍ തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്.
1999 ല്‍ റിലീസ് ചെയ്ത ‘അങ്ങനെ ഒരു അവധിക്കാലത്ത്’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് ജോണ്‍സണും പുലര്‍വെയിലും എന്ന ഗാനത്തിന്റെ ആലാപനത്തിന് ചിത്രയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ ലഭിച്ചു.
യേശുദാസ്, ജയചന്ദ്രന്, ജാനകി, ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാത, ഉഷാ ഉതുപ്പ്, കല്യാണി മേനോന്, ലതിക തുടങ്ങി മലയാളത്തിലെ മിക്ക സംഗീതപ്രതിഭകളും മോഹന്‍ എന്ന സംവിധായകന്റെ സിനിമകളില്‍ പാടിയിട്ടുണ്ട്. മികച്ച അഭിനേതാക്കളേയും എഴുത്തികാരേയും സംഗീതജ്ഞരേയും തന്റെ സിനിമകള്‍ക്കായി മോഹന്‍ കൂട്ടുവിളിച്ചു. ആ സംവിധായകനിലൂടെ മലയാളികള്‍ക്ക് ലഭിച്ചതാകട്ടെ മികച്ച ചിത്രങ്ങളും ഗാനങ്ങളും.