
ദൂരയാത്രയ്ക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് വിമാനയാത്രയെങ്കിലും വിമാനയാത്രകളുമായി ബന്ധപ്പെട്ട പരാതികൾ നിരവധിയാണ്. വിമാനങ്ങളുടെ റദ്ദാക്കലും വൈകലും ഒക്കെ ഇതിൽ ഉൾപ്പെടുമെങ്കിലും യാത്രക്കാർക്ക് ഏറ്റവുമധികം നിരാശ സമ്മാനിക്കുന്നത് യാത്രക്കിടയിൽ തങ്ങളുടെ ലഗേജുകൾ നഷ്ടമാകുന്നതും ലഗേജുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും ഒക്കെയാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഒരാൾക്ക് നഷ്ടമായത് 45,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ ഉൾപ്പെടുന്ന തന്റെ ബാഗാണ്. ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ എയർലൈൻ നൽകിയ മറുപടിയായിരുന്നു അതിനേക്കാൾ വിചിത്രം. നഷ്ടപ്പെട്ട ബാഗിന് പകരമായി തങ്ങൾ 2450 രൂപ നഷ്ടപരിഹാരമായി നൽകാമെന്നായിരുന്നു ഇൻഡിഗോയുടെ വാഗ്ദാനം.
കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അസമിൽ നിന്നുള്ള മോണിക്ക് ശർമയുടെ 45,000 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്ന ബാഗ് നഷ്ടപ്പെട്ടത്. ഇതിനെതിരെ എയർലൈനിൽ പരാതി നൽകിയപ്പോഴാണ് എയർലൈൻ തുച്ഛമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. മോണിക്ക് ശർമ്മയുടെ ഒരു സുഹൃത്താണ് ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അദ്ദേഹത്തിൻ്റെ പോസ്റ്റ് അനുസരിച്ച്, നഷ്ടപ്പെട്ട ബാഗിൽ ഡ്രൈവിംഗ് ലൈസൻസ്, പാൻ, ആധാർ തുടങ്ങിയ സുപ്രധാന രേഖകൾക്കൊപ്പം 45,000 രൂപയുടെ സാധനങ്ങളും ഉണ്ടായിരുന്നു. ശർമ്മയുടെ ബോർഡിംഗ് പാസിൻ്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. ഒടുവിൽ പോസ്റ്റ് വൈറലായതോടെ ഇൻഡിഗോയുടെ സോഷ്യൽ മീഡിയ ടീമിൽ നിന്നും തനിക്ക് കോൾ ലഭിച്ചതായി ശർമ്മ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന് കമ്പനി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]