ചെന്നൈ: തമിഴ്നാട് സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചതിനെ വിമർശിച്ച് സിപിഎം. സർക്കാരുകൾ ഒരു മതവിശ്വാസത്തിന്റെയും പ്രചാരണത്തിന് ഇറങ്ങരുതെന്നും മതേതരത്വം ഉയർത്തിപ്പിടിക്കണമെന്നും സിപിഎം തമിഴ്നാട് ഘടകം സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മതപരമായ ചടങ്ങുകൾ സർക്കാർ സംഘടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിനെതിരല്ല സിപിഎം എന്ന് സെക്രട്ടറി വ്യക്തമാക്കി. പക്ഷേ സർക്കാർ നേരിട്ട് ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച്ആർ&സിഇ) വകുപ്പിന് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാം. എന്നാൽ മതേതരത്വത്തിന് മങ്ങലേൽപ്പിക്കുമെന്നതിനാൽ ആ വകുപ്പിന്റെ മന്ത്രി ഒഴികെ മറ്റ് മന്ത്രിമാർ അത്തരം പരിപാടികളിൽ പങ്കെടുക്കരുത്. അതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിനെ വിമർശിച്ചതെന്നും സിപിഎം സെക്രട്ടറി വിശദീകരിച്ചു. ബിജെപി ഹൈന്ദവ ക്ഷേത്രങ്ങളിൽ അവകാശം സ്ഥാപിച്ച്, ക്ഷേത്ര സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് ദേവസ്വം വകുപ്പിന്റെ കീഴിൽ ക്ഷേമ പ്രവർത്തനങ്ങൾ തുടരണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
വി സി കെ ജനറൽ സെക്രട്ടറി ഡി രവികുമാറും വിമർശനവുമായി രംഗത്തെത്തി. സർക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും മതപരമായ ഇത്തരം സമ്മേളനങ്ങൾ സമൂഹത്തിൽ വർഗീയതയ്ക്ക് വളമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മതേതരത്വത്തെ അവഹേളിക്കുന്ന പരിപാടിയല്ല നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ പ്രതികരിച്ചു
അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ ബിജെപി രാഷ്ട്രീയ ആയുധം ആക്കിയതിനു ബദൽ ആയാണ് ഡിഎംകെ സർക്കാർ മുരുകൻ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. ഇത് മുരുകൻ ഭക്തരോടുള്ള അവഹേളനമാണെന്ന് ബിജെപി നേതാവ് തമിശിസൈ സൗന്ദർ രാജൻ ആരോപിച്ചു. പളനിയിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]