
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സി.യും ഒന്നിലേറെ പ്രതികരണങ്ങൾ നടത്തിക്കഴിഞ്ഞു. അതിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നടി മഞ്ജുവാര്യർ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്ന ഡബ്ല്യു.സി.സി. സ്ഥാപക അംഗത്തിനെതിരെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം സൈബർ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിനെ അപലപിച്ചുകൊണ്ട് ഡബ്ല്യൂസിസി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ഒരു വിശദീകരണക്കുറിപ്പ് പുറത്തുവിട്ടിരുന്നു. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടതെന്നാണ് അവർ കുറിപ്പിൽ പറഞ്ഞത്. അതിജീവിതക്കൊപ്പം ഉറച്ചുനിന്ന തങ്ങളുടെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.
സംഘടന പുറത്തുവിട്ട ഈ പോസ്റ്റാണ് മഞ്ജുവാര്യർ പങ്കുവെച്ചത്. വളരെയധികം ആവശ്യമായ വ്യക്തതവരുത്തൽ എന്നാണ് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മഞ്ജുവാര്യർ എഴുതിയത്. പോസ്റ്റിൽ ഡബ്ല്യു.സി.സി.യെ മെൻഷൻ ചെയ്തിട്ടുമുണ്ട്. കൂടാതെ ശക്തിയുടേയും സ്നേഹത്തിന്റെയും ഇമോജികളും ഒപ്പം ചേർത്തിട്ടുമുണ്ട്.
സ്ഥാപകാംഗത്തിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രധാന പ്രവർത്തകരിലൊരാളായ പാർവതി തിരുവോത്ത് പ്രതികരിച്ചതിനു പിന്നാലെയാണ് ഡബ്ല്യു.സി.സി. നിലപാട് വ്യക്തമാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാനുള്ള നടപടികൾ ചർച്ചചെയ്യുന്നതിനു പകരം സ്ഥാപകാംഗത്തിന്റേതെന്നു പറയുന്ന മൊഴികൾക്ക് പുറകേപോയി മുതിർന്ന കലാകാരികളെ അപമാനിക്കാനാണ് ചില ഓൺലൈൻ റിപ്പോർട്ടുകളിലെ ശ്രമം. അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്നയാളാണ് ഞങ്ങളുടെ ‘ഇപ്പോഴത്തെയും’ സ്ഥാപകാംഗം. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയംകൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നു കരുതുന്നു- ഡബ്ല്യു.സി.സി. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സ്ത്രീകൾ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് സമൂഹം അത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃതഘടകങ്ങൾ റിപ്പോർട്ടിലെ വിവരങ്ങൾ ഉപയോഗിച്ച് കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ശ്രമിക്കുന്നത് കണ്ടിരിക്കാനാവില്ലെന്നും ഡബ്ല്യു.സി.സി. വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]