
കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഇതുവരെ ആരും വാതിലിൽ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജോമോൾ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.
‘എന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല’, ജോമോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ടെന്നാണ് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് ‘അമ്മ’യെയല്ല. റിപ്പോർട്ട് പുറത്ത് വന്നതിൽ സംഘടനയ്ക്കും സന്തോഷമേയുള്ളൂ. അമ്മ സംഘടനയിലെ അംഗങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോർട്ടിനെ സംഘടന എന്തിന് എതിർക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
‘ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം’- സിദ്ധിഖ് പറഞ്ഞു.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികൾ അമ്മയ്ക്കു ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്നതാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം. അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോടു പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണു ചോദിച്ചതെന്നാണ് അറിഞ്ഞത്.
സിനിമ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ കണക്കിലെടുക്കാനാവില്ലെന്നും നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നെന്നും സിദ്ധിഖ് പറഞ്ഞു. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]