
കൊല്ലം: സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ. അവർ ആരൊക്കെയാണെന്നത് റിപ്പോർട്ടിലുള്ള രഹസ്യമാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു. 2015 ൽ സംവിധായകൻ വിനയന്റെ ജഡ്ജിമെന്റിൽ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. കുറ്റവാളിയെന്ന് തെളിഞ്ഞ ആളുകളുടേതാണെന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകൻ പരിഹസിച്ചു.
അച്ഛൻ റിപ്പോർട്ടിന് എത്രയോ മുമ്പ് തന്നെ മരിച്ചിരുന്നു. റിപ്പോർട്ടിൽ ഹൈലൈറ്റ് അച്ഛൻ തന്നെയാണ്. വിനയൻ്റെ വിഷയത്തിൽ താൻ മൊഴി കൊടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. പണ്ടൊന്നും കാരവാനില്ലായിരുന്നു. ഇന്ന് ഇത്തരം വിഷയങ്ങളെ കുറിച്ച് ധാരണയില്ല. സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളില്ലെന്നത് വിഷയം തന്നെയാണ്. ഭാരത നിയമ സംഹിത പ്രകാരം കുറ്റകൃത്യം എവിടെയെങ്കിലും നടന്നെന്ന് അറിഞ്ഞാൽ, പോക്സോ ഉൾപ്പെടെ ഉണ്ടെന്ന് പറയുന്നു- അങ്ങനെയെങ്കിൽ ഗുരുതരമായ തെറ്റാണ്. എന്തുകൊണ്ടാണ് പൊലീസിൽ അറിയിക്കാത്തതെന്ന് ചോദ്യമുയരും. ഹേമ കമ്മിറ്റി ഉൾപ്പെടെ കുറ്റക്കാരാവും. താരങ്ങൾ പ്രതികരിക്കാതിരുന്നതിന് പിന്നിൽ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടായിരിക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുമ്പ് സർക്കാർ നടത്തിയ സെൻസറിങിൽ പ്രതിഷേധം വ്യാപകമാവുകയാണ്. 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ കമ്മീഷൻ നിർദേശിച്ചപ്പോൾ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.
സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഖണ്ഡികള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സർക്കാർ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നൽകി. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി. സർക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ സെൻസറിങ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒളിച്ചുകളി ആരെയോ രക്ഷിക്കാനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നടിച്ചു. കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ വെട്ടി മാറ്റിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നടി മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ ഇനി കോടതി തീരുമാനിക്കട്ടെയെന്നും കൂടുതല്‍ വിശദീകരണത്തിനില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സെന്‍സറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കട്ടെയെന്നും കോടതി പറയുന്നതുപോലെ തീരുമാനം എടുക്കാമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയും കേസെടുക്കാൻ കഴിയുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് മന്ത്രി എകെ ബാലനും പ്രതികരിച്ചു.
അതേസമയം, സിനിമാ മേഖലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം ഉണ്ടാകണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്കാരിക മന്ത്രിക്കും കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]