
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. ദുരനുഭവമുണ്ടായ കുട്ടികൾതന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതിൽ പല കാര്യങ്ങളും നമ്മൾ നേരത്തേ അറിഞ്ഞതാണ്. ഇപ്പോൾ ഈ റിപ്പോർട്ട് വന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതുപോലുള്ള ദുരനുഭവങ്ങൾ നേരിട്ടവർ നേരത്തേ അതേക്കുറിച്ച് പങ്കുവെച്ചിരുന്നുവെന്നും ഉഷ പറഞ്ഞു.
സിനിമാ മേഖല മൊത്തത്തിൽ അത്തരം ആളുകളാണെന്ന് പറയാനാവില്ലെന്ന് ഉഷ വ്യക്തമാക്കി. കുറച്ചുപേർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികളായി പരാമർശിച്ചിരിക്കുന്ന ആളുകളിൽ പലരും വിവിധ സംഘടനകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ ഇതുതന്നെ തുടരും. അവർക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിർത്തുകയും വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അവർ ചൂണ്ടിക്കാട്ടി.
ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാവണം. പരാതി കൊടുത്തില്ലെങ്കിൽ ഇനിയും ഇതുതന്നെ നടക്കും. താനഭിനയിച്ചുതുടങ്ങിയ കാലം മുതൽ സ്ത്രീകൾ ചൂഷണത്തിന് വിധേയരാവുന്നുണ്ടായിരുന്നെന്നും അത് ഇന്നും തുടരുന്നുവെന്നുമാണ് ശാരദാ മാഡം പറഞ്ഞത്. പവർ ഗ്രൂപ്പ് സിനിമയിൽ ഉണ്ടെന്നാണ് കരുതുന്നത്. എനിക്ക് മോശം അനുഭവമുണ്ടായപ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്.
“ഞാൻ സിനിമയിൽ വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അദ്ദേഹം വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. പിന്നെ എനിക്ക് കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു. ഈ സംവിധായകന്റെ ഓരോ രീതികളുണ്ട്. നമുക്ക് വലിയ സ്വാതന്ത്ര്യമാണ് ആദ്യ ദിവസങ്ങളിൽ തരിക. പക്ഷേ പിന്നീട് പുള്ളി നമ്മളോട് മുറിയിലേക്ക് ചെല്ലാൻ ഫോണിലൂടെ ആവശ്യപ്പെടും. എന്നോട് പറഞ്ഞപ്പോൾ ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. പിന്നെ സെറ്റിൽ ചെല്ലുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയുകയും അവഹേളിക്കുകയും ചെയ്യും.
ഒരിക്കൽ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നു. അന്നത് ചില മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. പല കാര്യങ്ങളും നമ്മൾ പ്രതികരിച്ചതിന്റെ പേരിൽ ചിലർ മാറ്റിനിർത്തിയിട്ടുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നു.” ഉഷ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]