
ബംഗളുരു: ബംഗളുരുവിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ചുകയറി യുവാവ് മരിച്ചു. ബൈക്കിനെ പിന്തുടർന്നെത്തിയ കാർ യുവാവിനെ ഇടിച്ചിടുകയായിരുന്നു എന്നാണ് ആരോപണം. രണ്ട് പേരെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബൈക്കിനെ പിന്തുടരുന്നതിന്റെയും ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ചു കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബംഗളുരു നഗരത്തിലെ വിദ്യാരണ്യപുര ഏരിയയിലായിരുന്നു സംഭവം. റോഡിൽ വെച്ച് ബൈക്ക് യാത്രക്കാരുനും കാറിൽ എത്തിയവരും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്ക് ശേഷം യുവാവ് ബൈക്കിൽ കയറി പോകാൻ തുടങ്ങിയപ്പോൾ കാറിലുണ്ടായിരുന്നവർ പിന്തുടരുകയായിരുന്നു എന്നുമാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
അപകടകരമായ തരത്തിൽ നഗരത്തിലെ റോഡുകളിലൂടെ ബൈക്കിനെ കാർ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ വിദ്യാരണ്യപുരയിൽ വെച്ചായിരുന്നു കൂട്ടിടിച്ചത്. ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ പിന്നീട് മരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുന്നതായും ബംഗളുരു പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]